ദുബൈ: 100 ശതമാനവും ഡിജിറ്റൽവത്കരണം പൂർത്തിയാക്കിയ ദുബൈ പൊലീസിന്റെ നിർമിത ബുദ്ധി (എ.ഐ) ഡിപ്പാർട്മെന്റ് പുതിയ നാഴികക്കല്ല് കുറിച്ചു. പൊതുജനങ്ങൾക്ക് സൗകര്യപ്രദവും എളുപ്പത്തിലും സേവനങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്താൻ സ്മാർട്ട് സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിയും ഡിജിറ്റൽ ഇന്റലിജൻസ് സംവിധാനങ്ങൾ നടപ്പിലാക്കിയുമാണ് എ.ഐ ഡിപ്പാർട്മെന്റ് ഈ നേട്ടം കൈവരിച്ചത്.
ഡിജിറ്റൽവത്കരണം പൂർത്തിയാക്കാൻ അക്ഷീണം പ്രയത്നിച്ച ഡിപ്പാർട്മെന്റിനെ അഭിനന്ദിക്കുന്നതായി എക്സലൻസ് ആൻഡ് പയനീർ അഫേഴ്സ് അസി. കമാന്ഡർ ഇൻ ചീഫ് മേജർ ജനറൽ ഡോ. അബ്ദുൽ ഖുദ്ദൂസ് അബ്ദുൽ റസാഖ് അൽ ഉബൈദി അറിയിച്ചു. വകുപ്പുതലത്തിൽ നടത്തുന്ന വാർഷിക സന്ദർശനത്തിനായി ഡിപ്പാർട്മെന്റിൽ എത്തിയതായിരുന്നു അദ്ദേഹം.
പ്രാദേശികമായും ആഗോള തലത്തിലും ദുബൈ പൊലീസിന്റെ മികവ് കൂടുതൽ പ്രകടിപ്പിക്കാൻ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രാധാന്യവും സുപ്രധാനമായ പങ്കും അദ്ദേഹം വിശദീകരിച്ചു.
100 ശതമാനം ഡിജിറ്റൽവത്കരണത്തോടൊപ്പം ഉപഭോക്താക്കളുടെ സംതൃപ്തി നിരക്ക് 98.1 ശതമാനത്തിലെത്തിക്കാനും ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഡ്മിനിസ്ട്രേറ്റിവ് അഫേഴ്സ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അഹമ്മദ് മുഹമ്മദ് റാഫി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡിപ്പാർട്മെന്റ് ഡയറക്ടർ മേജർ ജനറൽ ഖാലിദ് നാസർ അൽ റസൂഖി, ജനറൽ ഡിപ്പാർട്മെന്റ് ഫോർ എക്സലൻസ് ആൻഡ് പയനീർ ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് അൽ ഹംറാനി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം.
2022 മുതൽ 74 പദ്ധതികൾ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്റലിജൻസ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഡിപ്പാർട്മെന്റ് വിശദീകരിച്ചു. 90 ശതമാനം പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതികളിൽ ഡിപ്പാർട്മെന്റിന് 95 ശതമാനം മറികടക്കാനായതായും ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു