ന്യൂഡൽഹി: പാർലമെന്റിലെ സുരക്ഷാവീഴ്ചയിൽ പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എം.പിമാരിൽ സ്ഥലത്തില്ലാത്ത ഡി.എം.കെ നേതാവും. ഇന്ന് ലോക്സഭയിൽനിന്നും രാജ്യസഭയിൽനിന്നുമായി നടപടി നേരിട്ട 14 എം.പിമാരിൽ ഡി.എം.കെയുടെ എസ്.ആർ പാർത്ഥിപനും ഉണ്ടായിരുന്നു. എന്നാൽ, ഇദ്ദേഹം ഇന്ന് പാർലമെന്റിലെത്തിയിട്ടില്ലെന്നു മാത്രമല്ല, ഡൽഹിയിലേ ഉണ്ടായിരുന്നില്ലെന്നതാണു വിചിത്രകരം. ഇക്കാര്യം വ്യക്തമായതോടെ പിശക് പറ്റിയതാണെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. 13 എം.പിമാരെ മാത്രമാണ് സസ്പെന്‍ഡ് ചെയ്തിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി വ്യക്തമാക്കി.
ലോക്സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തത 14 എംപിമാരുടെ പട്ടികയിലാണ് എസ്.ആര് പാര്‍ഥിപന്റെ പേര് ഉൾപ്പെട്ടത്. എന്നാല്‍ ബുധനാഴ്ച അദ്ദേഹം ഡൽഹിയിൽ പോലും ഉണ്ടായിരുന്നില്ല. ഈ വിവരം ഡിഎംകെ എംപിമാര്‍ പറഞ്ഞതോടെയാണ് പിശക് പറ്റിയെന്ന് മനസിലായത്.
കഴിഞ്ഞ ദിവസം പാര്‍ലമെന്റിലുണ്ടായ സുരക്ഷാവീഴ്ച സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സഭ തടസപ്പെടുത്തിയതിന്റെ പേരില്‍ പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി വന്നത്.
കേരളത്തിൽനിന്നുള്ള ആറ് എം.പിമാരും ഇന്ന് സസ്പെൻഷൻ നേരിട്ടവരുടെ കൂട്ടത്തിലുണ്ട്. രമ്യ ഹരിദാസ്, ഹൈബി ഈഡൻ, ടി.എൻ പ്രതാപൻ, ഡീൻ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠൻ, ബെന്നി ബെഹനാൻ എന്നിവർക്കു പുറമെ കനിമൊഴി, മാണിക്കം ടാഗോർ, ജ്യോതിമണി, ഡെറിക് ഒബ്രിയാൻ, മുഹമ്മദ് ജാവേദ്, പി.ആർ നടരാജൻ, കെ. സുബ്രഹ്മണ്യം, എസ് വെങ്കിടേശ്വരൻ എന്നിവരെയാണ് സമ്മേളനം തീരുന്നതുവരെ സസ്പെൻഡ് ചെയ്തത്.
പ്രധാനമന്ത്രി സഭയിൽ വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. എം.പിമാരുടെ പ്രതിഷേധം അതിരുവിടുന്നുവെന്നാരുന്നു സ്പീക്കറുടെയും കേന്ദ്രസർക്കാരിന്റെയും ആരോപണം. രണ്ട് തവണയായി പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തിൽ അഞ്ച് എം.പിമാരെയും പിന്നാലെ ഒൻപതുപേരെയും സസ്പെൻഡ് ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു