ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ 2023-25 കാലയളവിലേക്കുള്ള ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാത്രി 7.30ന് ഷാർജ ഇന്ത്യൻ സ്കൂൾ (ഗേൾസ്) ഗുബൈബയിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.
പ്രസിഡന്റ് നിസാര്‍ തളങ്കര, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ജന. സെക്രട്ടറി ശ്രീപ്രകാശ് പുരയത്ത്, ജോ. ജന. സെക്ര. ജിബി ബേബി, ട്രഷറർ ഷാജി ജോണ്‍, ജോ. ട്രഷറർ പി.കെ. റജി, ഓഡിറ്റര്‍ എം. ഹരിലാല്‍ എന്നിവരും അബ്ദു മനാഫ്, എൻ.പി. അനീഷ്, കെ.കെ. ത്വാലിബ്, മുഹമ്മദ് അബൂബക്കര്‍, ഇ. മുരളീധരന്, പി.പി. പ്രഭാകരന്, എ.വി. മധുസൂദനന് എന്നിവരുമാണ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുക. ഇതിൽ എ.വി. മധുസൂദനൻ ഒഴികെയുള്ളവരെല്ലാം ജനാധിപത്യ മുന്നണിയിൽനിന്നാണ് മത്സരിച്ച് വിജയിച്ചത്.
വീറും വാശിയും നിറഞ്ഞ മത്സരത്തിനൊടുവിലാണ് മതേതര മുന്നണിയെ തറപറ്റിച്ച് ജനാധിപത്യ മുന്നണി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഭരണം പിടിച്ചത്. മുസ്ലിം ലീഗ് പോഷക സംഘടനയായ കെ.എം.സി.സിയുടെയും സി.പി.എം പോഷക സംഘടനയായ മാസിന്റെയും നേതൃത്വത്തില്‍ മഹാത്മ ഗാന്ധി കള്‍ച്ചറല്‍ ഫോറം, യുവകലാ സാഹിതി, എന്‍.ആര്.ഐ ഫ്രണ്ട്സ് ഫോറം, ടീം ഇന്ത്യ, പ്രതീക്ഷ, മാക്, ഐ.എം.സി.സി, സമദര്‍ശിനി, ഇന്ത്യന്‍ എക്കൊ, മഹസ്, മാസ്ക്കൊട്ട്, മാല്‍ക്ക തുടങ്ങി 14 കൂട്ടായ്മകളുടെ സംയുക്ത സഹകരണത്തിലായിരുന്നു ജനാധിപത്യ മുന്നണിയുടെ പിറവി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു