കണ്ണൂർ: കണ്ണൂരിൽ മെത്താംഫിറ്റമിനും എൽഎസ്ഡി സ്റ്റാമ്പും കടത്തിയ കേസിൽ പിടിയിലായ പ്രതിക്ക് കോടതി 20 വർഷം കഠിന തടവും, രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2022 ആഗസ്റ്റ് മാസം ഒന്നാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
കണ്ണൂർ സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനന്റെ നേതൃത്വത്തിൽ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ വച്ചാണ് എട്ടിക്കുളം സ്വദേശിയായ സൽമാൻ എന്നയാളെ അറസ്റ്റ് ചെയ്തത്. 74.39 ഗ്രാം മെത്താംഫിറ്റമിനും, 1.76 ഗ്രാം എൽഎസ്ഡി സ്റ്റാമ്പും ഇയാളിൽ നിന്ന് കണ്ടെടുത്തിരുന്നു.
കണ്ണൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന ടി രാകേഷ് കേസ് അന്വേഷണം ആരംഭിച്ചുവെങ്കിലും പിന്നീട് ഉത്തരമേഖലാ എക്സൈസ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുത്തു. ക്രൈം ബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ എൻ ബൈജു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ഇ വി ലിജേഷ് ഹാജരായി.
വിചാരണ പൂർത്തിയായപ്പോൾ വടകര എൻഡിപിഎസ് കോടതി പ്രതിക്ക് മെത്താംഫിറ്റമിൻ കൈവശം സൂക്ഷിച്ചതിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും, എൽഎസ്ഡി സൂക്ഷിച്ചതിന് 10 വർഷം തടവും, ഒരു ലക്ഷം രൂപയും, പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചു. ശിക്ഷ ഒരുമിച്ചു അനുഭവിക്കാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു