ജിദ്ദ: ലോകം കാത്തിരുന്ന 2023 ഫിഫ ക്ലബ് ലോകകപ്പിന് ജിദ്ദയിൽ ആവേശകരമായ തുടക്കം. മഴ മൂടിക്കെട്ടിയ അന്തരീക്ഷത്തിൽ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റിയിലെ അൽജൗഹറ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന ഉദ്ഘാടന മത്സരം കാണാൻ ആയിരക്കണക്കിന് ഫുട്ബാൾ പ്രേമികളാണ് ഒഴുകിയെത്തിയത്. ഉദ്ഘാടന മത്സരത്തിൽ സൗദി ക്ലബായ അൽഇത്തിഹാദ് ന്യൂസിലൻഡ് ടീം ഓക്ലൻഡ് സിറ്റിയെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി.
കാണികളെ തുടക്കം മുതൽ ആവേശകൊടുമുടിയേറ്റിയ കളിയുടെ 29-ാം മിനിറ്റിൽ റൊമാരിനോയിലൂടെയാണ് ഇത്തിഹാദ് ആദ്യ ഗോൾ നേടിയത്. 34-ാം മിനിറ്റിൽ എൻഗോലോ കാന്റെയുടെ ശക്തമായ ഷോട്ട് വലയിയായി. അതോടെ ഉണർന്ന ഒാക്ലൻഡ് സിറ്റി ശക്തമായ പ്രതിരോധം തീർത്തെങ്കിലും ആദ്യപകുതി അവസാനിക്കാൻ അഞ്ച് മിനിറ്റ് ബാക്കി നിൽക്കേ മുഹന്നദ് അൽശങ്കീതിയുടെ പാസ് ഇത്തിഹാദ് ക്യാപ്റ്റൻ കരിം ബെൻസെമ മൂന്നാം ഗോളാക്കി.
ഫിഫ ക്ലബ് ലോകകപ്പിന് ജിദ്ദയിൽ തുടക്കം കുറിച്ചപ്പോൾ, കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിനുള്ളിലെയും പുറത്തേയും കാഴ്ചകൾ
ആദ്യമത്സരത്തിൽ തന്നെ മടക്കമില്ലാത്ത മൂന്ന് ഗോളുകളിലൂടെ ജയം കൊയ്ത ഇത്തിഹാദ് ടൂർണമെൻറിെൻറ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടി. വരുന്ന വെള്ളിയാഴ്ച രാത്രി ഒമ്പതിന് ആഫ്രിക്കൻ ചാമ്പ്യന്മാരായ ഈജിപ്തിന്റെ അൽഅഹ്ലിയെ നേരിടും. ആദ്യമത്സരത്തിൽ തന്നെ അടി പതറിയ ഓക്ലൻഡ് സിറ്റി 20ാമത് ലോകകപ്പിൽനിന്ന് പുറത്തായി.
ഈ മത്സരത്തിലെ ഗോളോടെ ഫിഫ ക്ലബ് ലോകകപ്പിലെ എക്കാലത്തെയും മികച്ച മൂന്നാമത്തെ സ്കോററായി കരീം ബെൻസെമ മാറി. നാല് ക്ലബ്ബ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ കളിക്കാരനുമായി.
വർണോജ്ജ്വലമായ ഉദ്ഘാടനം
കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയം വർണോജ്ജ്വലമായ ഉദ്ഘാടന ചടങ്ങിനാണ് വേദിയായത്. ഫിഫ അധികൃതരും വിവിധ ഫുട്ബാൾ ഫെഡറേഷനുകളിലെ പ്രമുഖരും ആയിരക്കണക്കിന് കളിപ്രേമികളുമായി ഉദ്ഘാടന ചടങ്ങിൽ വൻജനസഞ്ചയമാണ് പങ്കെടുത്തത്.
സ്വീഡിഷ് ബാൻഡായ സ്വീഡിഷ് ഹൗസ് മാഫിയയും അമേരിക്കൻ റാപ്പർ ബുസ്റ്റ റൈംസും ചേർന്ന് അവതരിപ്പിച്ച സംഗീതക്കച്ചേരി, കാണികളുടെ ആവേശത്തെ ആളിക്കത്തിക്കുന്നതാക്കി. വിവിധ നൃത്തപ്രകടനങ്ങളും മറ്റ് കലാപരിപാടികളും അരങ്ങേറി. സൗദി കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻറിനി, സൗദി ഫുട്ബൾ ഫെഡറേഷൻ പ്രസിഡന്റ് യാസർ ബിൻ ഹസൻ അൽമസ്ഹൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കരിം ബെൻസെമ
10 ദിവസം നീളുന്ന ക്ലബ് ലോകകപ്പ് കാണാൻ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ധാരാളം ഫുട്ബാൾ ആരാധകരാണ് ജിദ്ദയിലെത്തിയിട്ടുള്ളത്. ടിക്കറ്റുകളെല്ലാം നേരത്തെ വിറ്റഴിഞ്ഞിരുന്നു. ചൊവ്വാഴ്ച വൈകുന്നേരമായതോടെ മത്സര വേദിയിലേക്കുള്ള എല്ലാ റോഡുകളിലും തിരക്കേറി.
നിരവധി അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായ സൗദി അറേബ്യ ചരിത്രത്തിലാദ്യമായാണ് ക്ലബ് ലോക കാപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളെ പ്രതിനിധാനംചെയ്ത് ഏഴ് ക്ലബ്ബുകളാണ് മത്സരിക്കുന്നത്. ഫൈനൽ ഈ മാസം 22നാണ്.
ഏെറ ആഹ്ലാദകരം -സൗദി കായികമന്ത്രി
ജിദ്ദ: രാജ്യത്ത് ആദ്യമായി ക്ലബ്ബ് ലോകകപ്പ് സംഘടിപ്പിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് കായിക മന്ത്രിയും സൗദി ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ പറഞ്ഞു. ജിദ്ദയിൽ ക്ലബ് ലോകകപ്പ് മത്സരം ആരംഭിക്കുന്നതിന് തൊട്ടു മുമ്പ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാെൻറയും വലിയ പിന്തുണയും താൽപ്പര്യവുമാണ് രാജ്യം സാക്ഷ്യം വഹിക്കുന്ന മഹത്തായ, ഗുണപരമായ മാറ്റങ്ങൾക്കെല്ലാം കാരണം. കായികതാരങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമാക്കി സൗദി അറേബ്യ മാറിയിട്ടുണ്ട്.
വലിയ കായികമേളകൾ സംഘടിപ്പിക്കാൻ ശേഷിയുള്ള രാജ്യമായി മാറി. ക്ലബ് ഫിഫ ലോക കപ്പിൽ ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് പങ്കെടുക്കുന്ന എല്ലാ ടീമുകളെയും കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നു. ഫുട്ബൾ ആരാധകർക്ക് അസാധാരണമായ അനുഭവം നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയാണെന്നും കായിക മന്ത്രി പറഞ്ഞു.
ഫിഫയുടെ സഹകരണത്തോടെ ക്ലബ്ബ് ലോകകപ്പിെൻറ 20ാം പതിപ്പിന് ആതിഥേയത്വം വഹിക്കാൻ കഴിയുന്നതിൽ സന്തോഷിക്കുന്നുവെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ് യാസർ അൽമസ്ഹൽ പറഞ്ഞു. ഈ ടൂർണമെൻറ് അവിസ്മരണീയമായി നിലനിൽക്കുന്ന ഒരു അസാധാരണ സംഭവമാക്കാനാണ് ആഗ്രഹിക്കുന്നത്. കാത്തിരുന്ന ഈ ഫുട്ബാൾ ടൂർണമെൻറ് എല്ലാ കായിക പ്രേമികളുടെയും മനസ്സിൽ ശാശ്വതമായ മുദ്ര പതിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റേഡിയങ്ങളിലെ ഗാലറികളിരുന്നും ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ക്രീനുകൾക്ക് മുന്നിലും കളിപ്രേമികളുടെ ശക്തമായ ആവേശമുണ്ടാകും. കടുത്ത മത്സരവും കാർണിവൽ അന്തരീക്ഷവും വാഗ്ദാനം ചെയ്യുന്ന ടൂർണമെൻറിലേക്ക് വരാനും പ്രോത്സാഹിപ്പിക്കാനും ആസ്വദിക്കാനും ഫുട്ബാൾ ആരാധകരോട് അദ്ദേഹം ആഹ്വാനം ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു