തിരുവനന്തപുരം: ഗവർണർക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് ഇത് വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു. ഏഴ് എസ്.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം.
ഗവർണറുടേത് ഔദോഗികയാത്രയാണ്. എസ്എഫ്ഐ പ്രവർത്തകർ നടത്തിയത് ആക്രമണമാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രതികൾ പൊലീസിനെയും ആക്രമിച്ചു. സംഭവത്തിൽ ഐപിസി 124 നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.
എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച സംഭവം ഗവർണർ രാഷ്ട്രപതിയെ അറിയിക്കും. പ്രതിമാസ റിപ്പോർട്ടിലാണ് ഇക്കാര്യം അറിയിക്കുക. തനിക്കെതിരെ നടന്നത് എസ്എഫ്ഐ ആക്രമണമാണെന്നും അതിന് പിന്നിലെ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനുമാണെന്ന് ഗവർണർ ആരോപിച്ചിരുന്നു.
കേസിൽ ആറു പേരെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തിരുന്നു. ഒരാൾക്ക് ബുധനാഴ്ച വൈകിട്ട് അഞ്ചുവരെ ഇടക്കാല ജാമ്യം അനുവദിച്ചു. പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 124 വകുപ്പ് ചുമത്തിയതിൽ പൊലീസ് കോടതിയിൽ വിശദീകരണം നൽകും. ഇന്നലെ കോടതി പൊലീസിനോട് വിശദീകരണം ചോദിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു