കട്ടപ്പന: വണ്ടിപ്പെരിയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു വീഴ്ച പറ്റിയതായി കോടതി. കേസിൽ പ്രതി അർജുനെ വെറുതെ വിട്ടുകൊണ്ടുള്ള വിധിയുടെ പകർപ്പിലാണ് പരാമർശമുള്ളത്. ആറുവയസ്സുകാരിയുടേത് കൊലപാതകം തന്നെയാണെന്ന് വിധി പകർപ്പിൽ പറയുന്നു.
കൊലപാതകം നടന്ന് ഒരുദിവസം കഴിഞ്ഞാണ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലത്തെത്തിയത്. തെളിവ് ശേഖരിച്ചതില്‍ വീഴ്ചയുണ്ടായി. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത സംശയകരമെന്നും കോടതി പറഞ്ഞു. വിരലടയാള വിദഗ്ധരെ കൊണ്ട് പരിശോധിപ്പിച്ചില്ലെന്നും വിധിയിൽ പറയുന്നു.
പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നാണ് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. പൊലീസ് കണ്ടെത്തിയിരിക്കുന്ന തെളിവുകൾ കെട്ടിച്ചമച്ചതാണെന്നും യഥാർഥ പ്രതിയെ ഇനിയും കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അന്വേഷണം ശരിയായ രീതിയിലായിരുന്നെന്നുമാണ് പ്രോസിക്യൂഷൻ പറയുന്നത്.
കൊലപാതകം, പോക്സോ വകുപ്പുകളാണ് പ്രതി അർജുനെതിരെ ചുമത്തിയിരുന്നത്. എന്നാൽ പ്രോസിക്യൂഷന് ഈ കുറ്റങ്ങളൊന്നും തെളിയിക്കാൻ സാധിക്കാഞ്ഞതിനാൽ അർജുനെ വെറുതെ വിടുകയായിരുന്നു
2021 ജൂൺ 30നാണു വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിത്തൂക്കിയ നിലയിൽ പെൺകുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. പെൺകുട്ടിക്കു 3 വയസ്സുള്ളപ്പോൾ മുതൽ മിഠായിയും ഭക്ഷണസാധനങ്ങളും നൽകി പ്രതി ലൈംഗികമായി ചൂഷണം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളും ലഭിച്ചു. 78 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്.
അതേസമയം കേസിൽ പ്രതി അർജുനെ വെറുതെവിട്ടതിനെതിരെ അപ്പീൽ പോകാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകി. വിധി വന്നതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. അപ്പീൽ പോകുമെന്ന് പ്രോസിക്യൂഷൻ നേരത്തേ അറിയിച്ചിരുന്നു. വൈകാരികവും നാടകീയവുമായ രംഗങ്ങളാണ് കോടതി വളപ്പിൽ അരങ്ങേറിയത്. കേസിൽ ഇപ്പോൾ വിധി പറഞ്ഞ ജഡ്ജി പണം വാങ്ങിയെന്ന് ആരോപിച്ച ബന്ധുക്കൾ തങ്ങൾക്ക് പഴയ ജഡ്ജിയെ വേണമെന്നും ആവശ്യപ്പെട്ടു. ഒരു വനിത ജഡ്ജിയായിരുന്നിട്ടുകൂടി പ്രതിയെ വെറുതെവിട്ടെന്നും ബന്ധുക്കൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു