അൽഅഹ്സ: 31 വർഷം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്സയിൽ പ്രവാസം നയിച്ച രമേശ് ചന്ദ് എന്ന ഉത്തർപ്രദേശ് അഅ്സംഗഢ് സ്വദേശി രമേശ് ചന്ദ് ഒടുവിൽ രോഗിയും അവശനുമായി ജന്മനാട്ടിലേക്കു മടങ്ങി. ഭാര്യയും രണ്ടു പെൺകുട്ടികളുമുള്ള നിർധന കുടുംബാംഗമായ രമേശ് ചന്ദ് ഒരു നിർമാണ കമ്പനിയിൽ ടൈൽസ് ഫിറ്ററായിട്ടാണ് പ്രവാസം ആരംഭിക്കുന്നത്. രണ്ടര വർഷം മുമ്പുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഓപൺ ഹാർട്ട് സർജറിക്ക് വിധേയനായിരുന്നു.
ശസ്ത്രക്രിയക്കുശേഷം ഭാരമുള്ള ജോലികളൊന്നും ചെയ്യാനാവാതെ ഒരു വർഷം വീണ്ടും അതേ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തെങ്കിലും പിന്നീട് അതിനും സാധിക്കാതെ വന്നപ്പോൾ ജോലി ഉപേക്ഷിക്കേണ്ടി വന്നെങ്കിലും മൂന്നു പതിറ്റാണ്ടിന്റെ അധ്വാനത്തിന്റെ ബാക്കിപത്രമെന്നത് ശൂന്യത മാത്രമായിരുന്നു.
കമ്പനിയിൽനിന്നും നിയമപോരാട്ടങ്ങൾക്കൊടുവിൽ തുച്ഛമായ സർവിസ് സഹായം കിട്ടിയെങ്കിലും അവസാനത്തെ ഒന്നര വർഷം ജോലിയും കൂലിയുമൊന്നുമില്ലാതെ സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്താൽ ജീവിതം തള്ളിനീക്കുകയായിരുന്നു രമേശ്.
നാട്ടിൽ പോകുന്നതിനുവേണ്ടി അഞ്ചു മാസം മുമ്പ് ഇന്ത്യൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും രമേശ് ചന്ദിന് നിരാശയോടെ ഇത്രയും നീണ്ട കാലം കാത്തിരിക്കാനായിരുന്നു വിധി. അവസാനം ആരൊക്കെയോ പറഞ്ഞറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ രമേശ് ചന്ദ് അൽഅഹ്സയിലെ സാമൂഹിക പ്രവർത്തകരായ ഒ.ഐ.സി.സി നേതാക്കളുമായി ബന്ധപ്പെടുകയായിരുന്നു.
ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ ഇന്ത്യൻ എംബസി ലേബർ വിങ്ങുമായി നടത്തിയ നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് രമേശ് ചന്ദിന് തർഹീൽ (നാടുകടത്തൽ കേന്ദ്രം) വഴി ഫൈനൽ എക്സിറ്റ് ലഭിക്കാനും നാടും വീടുമണയാനുമുള്ള സാഹചര്യമുണ്ടായത്.
വൈസ് പ്രസിഡൻറ് റഫീഖ് വയനാട്, സെക്രട്ടറി മൊയ്തു അടാടിയിൽ അടക്കമുള്ള അൽഅഹ്സ സനാഇയയിൽ നിന്നുള്ള ഒ.ഐ.സി.സി പ്രവർത്തകർ രമേശിന് നാട്ടിൽ പോകാനാവശ്യമായ സഹായങ്ങളെല്ലാം ചെയ്യുന്നതിന് സജ്ജീവമായിതന്നെ രംഗത്തുണ്ടായിരുന്നു. രമേശ് ചന്ദിനുള്ള ടിക്കറ്റടക്കമുള്ള യാത്രാരേഖകൾ ജനറൽ സെക്രട്ടറി ഉമർ കോട്ടയിൽ, വൈസ് പ്രസിഡൻറ് റഫീഖ് വയനാട് എന്നിവർ ചേർന്ന് കൈമാറി.
ഉമർ കോട്ടയിൽ, ശാഫി കുദിർ, റഫീഖ് വയനാട്, മൊയ്തു അടാടിയിൽ, അഖിലേഷ് ബാബു, മുരളീധരൻ പിള്ള, വി.പി. സബാസ്റ്റ്യൻ, ബിനു ഡാനിയേൽ എന്നിവരെ കൂടാതെ ഒന്നര വർഷം രമേശ് ചന്ദിനെ സ്വന്തം സഹോദരനെപ്പോലെ പരിചരിച്ച ഗുജറാത്ത് സ്വദേശി ആനന്ദ്, രാജസ്ഥാൻ സ്വദേശി രാജേഷ് എന്നിവരും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു