തൃശൂർ : സുരക്ഷക്ക് പ്രാധാന്യം നൽകി പുതിയ മോഡൽ “ദ ന്യൂ സോനെറ്റ്” കാറുകളുമായി പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ കിയ. കുടുംബങ്ങളെയും പുതിയ സാങ്കേതിക വിദ്യകൾ ഇഷ്ടപ്പെടുന്നവരേയും ലക്ഷ്യമിട്ട് 10 പുതിയ ഫീച്ചറുകളോടെയാണ് വിപണിയിലേക്കെത്തുന്നത്. കൂടുതൽ ദൃഡതയോടെ നിർമ്മിക്കുന്ന കാറിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സാങ്കേതിക വിദ്യയും (എ.ഡി.എ.എസ്) ആറ് എയർബാഗുകളും ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഇതോടൊപ്പം സുരക്ഷിതമായി വാഹനം ഓടിക്കുന്നവർക്ക് സമ്മാനം നൽകുന്ന പുതിയ ഫീച്ചറായ “കിയ ഇൻസ്പെയറിംഗ് ഡ്രൈവ് പ്രോഗ്രാമും” സോനെറ്റിൽ അവതരിപ്പിച്ചിട്ടുണ്ട്.
കിയ കണക്ട് ആപ്പിലൂടെ സീറ്റ് ബെൽറ്റ് ഉപയോഗം, പെട്ടെന്നുള്ള ബ്രേക്കിംഗ്, വേഗത പരിധികൾ പാലിക്കൽ തുടങ്ങി ഓടിക്കുന്നവരുടെ ഡ്രൈവിംഗ് രീതി വിലയിരുത്തി റിവാർഡുകൾക്കായി റിഡീം ചെയ്യാവുന്ന ഇക്കോസ്കോർ നൽകുന്ന സംവിധാനമാണിത്.
വിപണിയിൽ ആദ്യമായി കാരൻസിലും സെഗ്മെന്റിൽ ആദ്യമായി സെൽടോസിലും ആറ് എയർ ബാഗുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയ ശേഷമാണ് സോണറ്റിലേക്കും കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ കൊണ്ടു വരുന്നത്. ഇതോടെ എല്ലാ മോഡലുകളിലും ആറോ അതിലധികമോ സീറ്റ്ബെൽറ്റുകളുള്ള ഏറ്റവും പുതിയ ബ്രാന്റ് ആയി കിയ മാറും. വാഹനം അപകടത്തിൽ പെടുന്നത് ഒഴിവാക്കാൻ വിവിധ തരം ഫ്രണ്ട് കൊളീഷൻ വാണിംഗുകൾ, ഡ്രൈവർ അറ്റൻഷൻ വാണിംഗ്, ലീഡിംഗ് വെഹിക്കിൾ ഡിപാർച്ചർ അസിസ്റ്റ്, ലെയിൻ കീപ്പിംഗ് അസിസ്റ്റുകൾ തുടങ്ങിയ ഫീച്ചറുകളാണ് പുതിയ സോനെറ്റിൽ അവതരിപ്പിക്കുന്നത്. ഇതോടെ സുരക്ഷാ സംവിധാനങ്ങളുടെ എണ്ണം 25 ആകും.
രണ്ട് സ്ക്രീൻ ഉള്ള പാനൽ ഡിസൈൻ, റിയർ ഡോർ സൺഷെയ്ഡ് കർട്ടൻ, എല്ലാ ഡോറുകളെയും നിയന്ത്രിക്കാൻ കഴിയുന്ന വൺ ടച്ച് പവർ വിൻഡോ, സൂക്ഷ്മാണുക്കളെ നശിപ്പിക്കുന്നതിനുള്ള സ്മാർട്ട് പ്യുവർ എയർ പ്യൂരിഫയർ, തുടങ്ങിയവയാണ് ആകർഷകമായ സൗകര്യങ്ങളും ഉണ്ട്. ഡീസൽ പവർട്രെയിനൊപ്പം മാനുവൽ ട്രാൻസ്മിഷൻ കൂടി അവതരിപ്പിച്ചതോടെ കൂടുതൽ വ്യത്യസ്ത വേരിയന്റുകളിലാണ് ഏറ്റവും പുതിയ സോനെറ്റ് എത്തുന്നത്.
പുതിയ സോനെറ്റിന്റെ അവതരണത്തോടെ കോംപാക്റ്റ് എസ്.യു.വി. വിഭാഗത്തിൽ മുൻനിര സ്ഥാനം നേടുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒ.യുമായ തേ-ജിൻ പാർക്ക് പറഞ്ഞു. ഇന്ത്യയിലെ കിയയുടെ വിജയത്തിൽ സോനെറ്റിന് പ്രത്യേക സ്ഥാനമാണുള്ളതെന്നും തകർപ്പൻ സവിശേഷതകളോടെ ഇന്ത്യയിൽ അവതരിപ്പിച്ച ചെയ്ത കാറുകൾ 100-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.