തൃശ്ശൂര്‍: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി ആർ അരവിന്ദാക്ഷൻ്റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയെന്ന് ഇഡി വെളിപ്പെടുത്തി. അരവിന്ദാക്ഷൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഇഡി ഇക്കാര്യം അറിയിച്ചത്.
ബാങ്ക് ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദിയെന്നും ഇഡി. അനധികൃത വായ്പകള്‍ക്കായി അരവിന്ദാക്ഷന് ഭരണ സമിതിയെ ഭീഷണിപ്പെടുത്തി. സതീഷിന്റെ അനധികൃത ഇടപാടുകൾക്ക് വേണ്ടി മന്ത്രിമാർ ഉൾപ്പടെയുള്ളവരെ സ്വാധീനിക്കാൻ ശ്രമിച്ചത് അരവിന്ദാക്ഷൻ വഴിയാണെന്നും ഇഡി വെളിപ്പെടുത്തി.
കരുവന്നൂരിലെ തട്ടിപ്പ് പണം ബാങ്കിലെ സിപിഎം അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നും ഇ.ഡി ചൂണ്ടിക്കാട്ടി. സി.പി.എമ്മിന് കരുവന്നൂര്‍ ബാങ്കില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടെന്ന് ഇ.ഡി നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് പാര്‍ട്ടിയുടെ അക്കൗണ്ടിലേക്ക് പണം എത്തിയിട്ടുണ്ടെന്നും ഇ.ഡി കോടതിയെ ബോധിപ്പിച്ചത്. സതീഷ് കുമാറിന് അനധികൃതമായി ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ നടത്താന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരെ അരവിന്ദാക്ഷനിലൂടെയാണ് സ്വാധിക്കാന്‍ ശ്രമിച്ചിരുന്നതെന്നും ഇ.ഡി വ്യക്തമാക്കി.
സതീഷിന്റെ മകളുടെ മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷന്റെ അക്കൗണ്ടില്‍ നിന്നാണ് ഫീസ് ഇനത്തില്‍ പണം അടച്ചിരുന്നതെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞു. കേസില്‍ മുഖ്യപ്രതിയായ സതീഷിന്റെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. സതീഷുമായി അരവിന്ദാക്ഷന് വലിയ ബന്ധമുണ്ടെന്നും എല്ലാകാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് അരവിന്ദാക്ഷന് സതീഷുമായി ബന്ധപ്പെട്ടതെന്ന് എന്നതടക്കമുള്ള കാര്യങ്ങളും ഇ.ഡി കോടതിയെ ബോധിപ്പിച്ചു.
കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ തള്ളണമെന്നും ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി 21ന് പരിഗണിക്കാനായി മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു