സിഡ്നി : 20 വർഷം തടവുശിക്ഷ അനുഭവിച്ചു കൊണ്ടിരുന്ന വനിതയ്ക്ക് മോചനം. ആസ്ട്രേലിക്കാരി കാത്ലീൻ ഫോൾബിഗിൻ്റെ ജയിൽ ശിക്ഷയാണ് റദ്ദാക്കപ്പെട്ടത്.തന്റെ കുട്ടികളുടെയുൾപ്പെടെ നാലു മരണമാണ് ഫോൾബിഗിൻ്റെ 20 വർഷ ജയിൽ ശിക്ഷക്ക് കാരണമായത്.
ജൂണിൽ മാപ്പ് നൽകപ്പെട്ടതോടെ ജയിൽ മോചിതയായി. എന്നാൽ ഡിസംബർ ഏഴിന് ന്യൂ സൗത്ത് വെയിൽസ് സ്റ്റേറ്റ് സിഡ്നിയിലെ ക്രിമിനൽ അപ്പീൽ കോടതി ഇവരുടെ
ശിക്ഷ റദ്ദാക്കുകയായിരുന്നു. ഗണ്യമായ നഷ്ടപരിഹാരം ആവശ്യപ്പെടുവാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.
തന്റെ മൂന്ന് മക്കളെയുൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയെന്ന കേസിൽ 2003ലാണ് കാത്ലീൻ ഫോൾബിഗ് 20 വർഷ തടവിന് ശിക്ഷിക്കപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം ഫോൾബിഗിക്ക് തന്റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കുവാൻ കഴിഞ്ഞു.1989-1999 കാലയളവിൽ കുട്ടികൾ സ്വാഭാവിക കാരണങ്ങളാൽ മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് തെളിയിക്കുവാനായി എന്നതാണു മോചനത്തിന് വഴിയൊരുക്കിയത്.
2019 ലെ ആദ്യ ഘട്ട അന്വേഷണത്തിൽ ഇവർ കുറ്റക്കാരിയെന്നാണ് തെളിഞ്ഞത്. എന്നാൽ ചിഫ് ജസ്റ്റിസിൻ്റെ മേൽനോട്ടത്തിൽ 2022 ൽ നടന്ന രണ്ടാംഘട്ട അന്വേഷണത്തിൽ ജനതിക വൈകല്യങ്ങളാണു് കുട്ടികളുടെ മരണകാരണമായി കണ്ടെത്തപ്പെട്ടത്. ശാസ്ത്രീയ പിൻബലമള്ള ഈ കണ്ടെത്തൽ ശിക്ഷ റദ്ദുചെയ്യപ്പെടുന്നതിനുള്ള നിയമ പരിരക്ഷയായി മാറുകയായിരുന്നു.
ശാസ്ത്രത്തിൻ്റെ പുരോഗതി തൻ്റെ നിരപരാധിത്വം സ്ഥാപിച്ചെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതിൽ താൻ അതീവ സന്തുഷ്ടയാണ്. ആദ്യ അന്വേഷണ വിചാരണ വേളകളിൽ നിരത്തിയ തെളിവുകൾ അവഗണിക്കപ്പെട്ടുവെങ്കിലും പിന്നീട് നിരപരാധിത്വം തെളിയ്ക്കപ്പെടുന്നതിന് നിയമപരമായ തന്നെ ഉത്തരമുണ്ടായി –
ശിക്ഷ റദ്ദാക്കികൊണ്ടുള്ള വിധിക്കേട്ട ശേഷം കോടതിയിൽ നിന്നു പുറത്തുവന്ന
അവർ മാധ്യമങ്ങളോടു പറഞ്ഞു.
പ്രധാനമായും സാഹചര്യത്തെളിവുകളെ മാത്രം ആശ്രയിച്ചുള്ള ഈ കേസിനെതിരെ തുടക്കത്തിൽ തന്നെ ശാസ്ത്രജ്ഞരുൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. ഇവരിൽ ചിലർ ഫോൾബിഗിനെ മോചിപ്പിക്കുന്നതിനുള്ള നിയമ പോരാട്ടത്തിൽ ഭാഗഭാക്കായിയെന്നത് അപ്പീൽ കോടതി വിധിയിൽ അനുകൂലമായി പ്രതിഫലിച്ചു.