കൊച്ചി : നവകേരള സദസിനായി സ്കൂള്‍ മതില് പൊളിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈകോടതി.സ്കൂള്‍ മതില് പൊളിക്കുന്നത് എന്തിനെന്ന് ചോദിച്ച ഹൈകോടതി, പൊതു ഖജനാവിലെ പണമല്ലേ ഇതിന് ചെലവഴിക്കുന്നതെന്ന് കുറ്റപ്പെടുത്തി. കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനതെത വേദി മാറ്റണമെന്ന ഹരജിയിലാണ് ഹൈകോടതി ദേവസ്വം ബെഞ്ചിന്റെ വിമര്‍ശനം.
ആരാണ് നവകേരള സദസിന്റെ ചുമതല വഹിക്കുന്നതെന്നും ഹൈകോടതി ചോദിച്ചു. കേസില്‍ ചീഫ് സെക്രട്ടറിയെ കക്ഷി ചേര്‍ക്കാൻ നിര്‍ദേശിച്ച കോടതി, കൊല്ലം ജില്ല കലക്ടറും നവകേരള സദസ് നോഡല്‍ ഓഫീസറും സത്യവാങ്മൂലം നല്‍കണമെന്ന് ഉത്തരവിട്ടു.അതേസമയം, സ്കൂള്‍ മതില് പൊളിച്ചത് സംഭവിച്ചു പോയെന്നും പുനര്‍നിര്‍മ്മിക്കാമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ഹരജി നാളെ വീണ്ടും പരിഗണിക്കാനായി മാറ്റി.
കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മക്ഷേത്ര മൈതാനം സര്‍ക്കാറിന്റെ നവകേരള സദസ്സ് നടത്താൻ അനുമതി നല്കിയ ഉത്തരവിന്റെ പകര്‍പ്പ് ഹാജരാക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈകോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഡിസംബര്‍ 18ന് നവകേരള സദസ്സ് നടത്താൻ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിന്റെ മൈതാനം വിട്ടു നല്‍കുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂര്‍ സ്വദേശി ജെ. ജയകുമാര്‍, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവര്‍ നല്കിയ ഹരജിയിലാണ് ഇന്ന് പകര്‍പ്പ് ഹാജരാക്കാൻ ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിര്‍ദേശിച്ചത്.
ദേവസ്വം ബോര്‍ഡ് സ്കൂള്‍ ഗ്രൗണ്ട് എന്നാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ പറയുന്നതെങ്കിലും ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തോട് ചേര്‍ന്നാണ് മൈതാനമെന്നും ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂളും മൈതാനവുമെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ കൂടിയായ ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രവുമായി ബന്ധമില്ലാത്ത പരിപാടികള്‍ക്ക് ദേവസ്വം വക മൈതാനം ഉപയോഗിക്കുന്നത് തിരുവിതാംകൂര്‍ -കൊച്ചി ഹിന്ദുമത സ്ഥാപന നിയമത്തിന്റെയും കോടതി വിധികളുടെയും ലംഘനമാണ്. നവംബറില്‍ തുടങ്ങി ജനുവരിയില്‍ അവസാനിക്കുന്ന മണ്ഡല ചിറപ്പ് മഹോത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം. ഇതിനുപുറമേ പന്ത്രണ്ട് വിളക്ക്, മണ്ഡല വിളക്ക്, കാര്‍ത്തിക വിളക്ക്, മകരവിളക്ക് തുടങ്ങിയവയും ഇത്തവണ നടത്തുന്നുണ്ട്. ഡിസംബര്‍ 18ന് വൈകീട്ട് ആറിന് നവകേരള സദസ്സ് നടത്താൻ മൈതാനം വിട്ടുനല്‍കുന്നത് ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്കും വിശ്വാസികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഹരജിക്കാര്‍ ആരോപിച്ചിരുന്നു.