ഗസ്സ സിറ്റി: തടങ്കലിൽ ക്രൂരപീഡനമാണ് തങ്ങൾ നേരിട്ടതെന്നും സൈന്യം തങ്ങളെ മർദിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. കമാൽ അദ്വാൻ ആശുപത്രിയിൽനിന്ന് ഇസ്രായേൽ അധിനിവേശ സേന തട്ടിക്കൊണ്ടുപോയ 70 ഓളം ജീവനക്കാരിൽ രക്ഷപെട്ടവരുടെ മൊഴി പുറത്ത്. ഇവരിൽ അഞ്ച് ഡോക്ടർമാരെയും വനിതാ ജീവനക്കാരെയും ഇന്നലെ മോചിപ്പിച്ചിരുന്നു. ഇവർ പറഞ്ഞ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
ആശുപത്രിക്ക് നേരെ നടന്ന തുടർച്ചയായ ബോംബിങ്ങിനും ആക്രമണങ്ങൾക്കും ശേഷം തിങ്കളാഴ്ചയോടെയാണ് ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ ഇസ്രായേൽ പിടിച്ചുകൊണ്ടുപോയത്. ആരോഗ്യ സംവിധാനങ്ങൾക്ക് നേരെ അതിക്രമം അരുതെന്ന അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിയായിരുന്നു നീക്കം.
നേരത്തെ ഇന്തോനേഷ്യൻ ആശുപത്രിക്കും അൽശിഫ ആശുപത്രിക്കും അൽ അഹ്ലി അറബ് ആശുപത്രിക്കും അൽ-നാസർ ആശുപത്രിക്കും നേരെ നടന്ന അതേ രീതിയിലുള്ള ഭീകരമായ ആക്രമണത്തിനാണ് കമാൽ അദ്വാൻ ആശുപത്രിയും ഇരയായത്.കഴിഞ്ഞ മാസംമുതൽ തന്നെ ആശുപത്രിക്ക് നേരെ ബോംബിങ് തുടങ്ങിയിരുന്നു. നവംബർ 19ന് ശിശുരോഗ വിഭാഗം ഐ.സി.യു ആക്രമിക്കപ്പെട്ടു.
കഴിഞഞ ദിവസം ഗുരുതരാവസ്ഥയിലുള്ള നൂറുകണക്കിന് രോഗികളെയും ഗർഭിണികളെയും ചികിത്സിക്കുന്ന ആശുപത്രിയിലെ പ്രസവവാർഡിന് നേരെയും ബോംബാക്രമണം നടന്നു. വാർഡിലുണ്ടയിരുന്ന രണ്ടു രോഗികൾ മരിച്ചു. കാലുകൾ ചിന്നിച്ചിതറിയ രണ്ടുപേരുടേത് മുറിച്ചുമാറ്റേണ്ടി വന്നു. തുടർ ദിവസങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേരാണ് മരിച്ചുവീണത്.
ചൊവ്വാഴ്ചയും ആശുപത്രിക്ക് നേരെ രൂക്ഷമായ ബോംബാക്രമണം നടന്നതായി കമാൽ അദ്വാൻ ഹോസ്പിറ്റലിലെ ശിശുരോഗ വിഭാഗം മേധാവി ഡോ. ഹൊസാം അബു സഫിയ സി.എൻ.എന്നിനോട് ഫോൺ അഭിമുഖത്തിൽ പറഞ്ഞു. തുടർന്ന് ഇസ്രയേൽ സൈനികർ ഇരച്ചുകയറി. ആശുപത്രി ഡയറക്ടർ ഡോ. അഹമ്മദ് അൽ-കഹ്ലോട്ട് ഉൾപ്പെടെ 70ലേറെ മെഡിക്കൽ സ്റ്റാഫുകളെയാണ് സൈന്യം അജ്ഞാതകേന്ദ്രത്തിലേക്ക് തടങ്കലിലാക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു