ന്യൂഡൽഹി: പാർലമെൻ്റിലെ സുരക്ഷ വീഴ്ച അന്വേഷിക്കാൻ സമിതി രൂപീകരിച്ച് കേന്ദ്രം. സിആർപിഎഫ് ഡിജി അനീഷ് ദയാൽ സിംഗിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. വീഴ്ച പരിശോധിച്ച് തുടർനടപടി സമിതി നിർദ്ദേശിക്കും.
അതേസമയം, അക്രമികള്‍ക്ക് പാസ് നല്കിയ ബിജെപി എംപിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി അമിത്ഷാ രാജി വയ്കണമെന്നുമുള്ള ആവശ്യവും പ്രതിപക്ഷം ശക്തമാക്കി.
അതേസമയം, കഴിഞ്ഞ മൂന്നുമാസമായി പാർലമെന്റ് സന്ദർശിക്കുന്നതിനുള്ള പാസിനായി പ്രതികൾ സമീപിക്കുന്നുണ്ടായിരുന്നുവെന്ന് ബിജെപി മൈസുരു എംപി പ്രതാപ് സിംഹ പറഞ്ഞു. ഇതിലൊരാളായ ഡി. മനോരഞ്ജന്‍ തന്റെ മണ്ഡലത്തിൽ നിന്നുള്ളയാളെന്ന തരത്തിൽ എംപിക്ക് അറിയമായിരുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പാസ് സംഘടിപ്പിക്കുന്നതിനായി ഇയാൾ മിക്കപ്പോഴും എംപിയുടെ ഓഫിസിൽ എത്തിയിരുന്നുവെന്നും ഇവരെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.
അതേസമയം, പാർലമെന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് പാർലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷിയെയും ലോക്സഭാ സ്പീക്കർ ഓം ബിർലയെയും കണ്ട് എംപി സിംഹ കാര്യങ്ങൾ ധരിപ്പിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ലോക്സഭയിലെ സന്ദർശക ഗാലറിയിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ഇരുവരും ചാടി കൈവശമിരുന്ന സ്പ്രേ വീശി സഭയിൽ പരിഭ്രാന്തി പരത്തിയത്. ഇവർക്ക് പാർലമെന്റിൽ എത്തുന്നതിനുള്ള പ്രവേശന പാസ് നൽകിയത് സിംഹയാണെന്ന വാർത്തയും പിന്നാലെ തന്നെ വന്നിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു