നിരവധി ക്ഷേത്രങ്ങളാലും ചരിത്ര നിർമ്മിതികളാലും പ്രാധാന്യമർഹിക്കുന്ന ഭൂമികയാണ് ഇന്ത്യ. ഹൈന്ദവ ക്ഷേത്രങ്ങളിൽ ലോകശ്രദ്ധയാകർഷിക്കുന്ന തരം വിചിത്ര നിർമ്മിതികൾ നമ്മുടെ രാജ്യത്തുണ്ട്. എന്നാൽ പണ്ടുകാലത്ത് ഹിന്ദുമതമോ അതിന്റെ ആദിമമായ രൂപങ്ങളോ നമ്മുടെ നാട്ടിൽ മാത്രമല്ല അയൽ രാജ്യങ്ങളായ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, ബംഗ്ളാദേശ്, ബർമ്മ, കംബോഡിയ, ചൈന തുടങ്ങി വിവിധ രാജ്യങ്ങളിലും നിലനിന്നിരുന്നു. കാലക്രമേണ ഇവിടങ്ങളിൽ ബുദ്ധമതമോ മറ്റ് മതങ്ങളോ ശക്തിപ്രാപിക്കുകയായിരുന്നു.
ഇപ്പോഴിതാ ലോകത്തിലെ എട്ടാമത് അത്ഭുതമായി ഒരു വലിയ പഴയ ഹിന്ദുക്ഷേത്രം മാറിയിരിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. എന്നാൽ ഈ ക്ഷേത്രം ഇന്ത്യയിലല്ല അങ്ങ് കംബോഡിയയിലാണ്. സാക്ഷാൽ അങ്കോർ വാട് ക്ഷേത്രം. ലോകത്തിലെ പ്രശസ്ത നിർമ്മിതികൾക്കോ കെട്ടിടങ്ങൾക്കോ അനൗദ്യോഗികമായി നൽകുന്ന സ്ഥാനമാണിത്. 12ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയം എന്ന ഗിന്നസ് റെക്കോഡ് നേടുകയുണ്ടായി.
ലോക പൈതൃക പട്ടികയിലുള്ള യുനെസ്കോ അംഗീകാരമുള്ള അങ്കോർ വാട് കാണാൻ പ്രതിവർഷം ലക്ഷങ്ങളാണ് എത്താറുള്ളത്. 200 മീറ്റർ വീതിയിലെ വമ്പൻ കിടങ്ങിനുള്ളിൽ അഞ്ച് മീറ്റർ ഉയരവും ഒരുമീറ്റർ വീതിയിലും ഏകദേശം 500 ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിലകൊള്ളുന്നത്.20ാം നൂറ്റാണ്ടിൽ രാഷ്ട്രീയ അവസ്ഥ കലുഷിതമായ കംബോഡിയയിൽ ക്ഷേത്രത്തിലും അത് പ്രതിഫലിച്ചു. ഖെമർ റൂഷ് അധികാരത്തിലിരുന്ന സമയത്ത് ക്ഷേത്രം പലവിധ പോരാട്ടങ്ങളുടെയും ഭൂമികയായി. വ്യാപകമായ നാശവും ഈ സമയം ക്ഷേത്രത്തിനുണ്ടായി. എന്നാൽ പിന്നീട് ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ക്ഷേത്ര പുന:രുജ്ജീവന പ്രക്രിയയ്ക്ക് സഹായിച്ചു.
ഖെമർ രാജാവായിരുന്ന സൂര്യവർമ്മൻ രണ്ടാമൻ 12ാം നൂറ്റാണ്ടിൽ മഹാവിഷ്ണുവിനെ ആരാധിക്കാനായി നിർമ്മിച്ച വമ്പൻ ക്ഷേത്രമാണിത്. ആദിനാരായണനായ മഹാവിഷ്ണുവാണ് മുഖ്യപ്രതിഷ്ഠയായിരുന്നത്. പിന്നീട് പതിനാലാം നൂറ്റാണ്ടിന്റെ അവസാനം ശൃന്ദ്ര വർമ്മൻ എന്ന രാജാവ് ഇത് തേരാവാദ ബുദ്ധക്ഷേത്രമാക്കി മാറ്റി. പിൽക്കാലത്ത് ഇത് ഉപേക്ഷിക്കുകയും ചെയ്തു. ഇപ്പോഴും ക്ഷേത്രത്തിൽ നവീകരണങ്ങൾ നടക്കുന്നുണ്ട്.റോമിലെ ചരിത്ര നഗരമായ പോംപിയെ പിന്നിലാക്കിയാണ് അങ്കോർ വാട് മുന്നിലെത്തിയത്. വിനോദസഞ്ചാരികളുടെ വരവ് കൂടുതൽ പോംപിയിലേക്കാണെങ്കിലും ശ്രദ്ധ നേടിയത് അങ്കോർ വാട് ആണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു