പാര്‍ലമെന്‍റ് അതിക്രമം: അക്രമിക്ക് പാസ് അനുവദിച്ച ബിജെപി എം.പി സ്പീക്കറെ കണ്ടു; വിശദീകരണം നൽകി

 

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ കടന്നുകയറി അതിക്രമം കാട്ടിയ സംഭവത്തില്‍ പ്രതികളില്‍ ഒരാള്‍ക്ക് സന്ദര്‍ശക പാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടു. അക്രമിയുടെ കൈവശം പ്രതാപ് സിംഹയുടെ ഓഫീസ് അനുവദിച്ച സന്ദര്‍ശക പാസ് കണ്ടെടുത്തത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹം ലോക്‌സഭാ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തിയത്. 

പാസ് അനുവദിച്ച സാഹചര്യം സംബന്ധിച്ച കാര്യങ്ങളില്‍ പ്രതാപ് സിംഹ സ്പീക്കര്‍ക്ക് വിശദീകരണം നല്‍കി. പിടിയിലായ അക്രമികളില്‍ ഒരാളായ സാഗര്‍ ശര്‍മയുടെ പിതാവ് മൈസൂരുവില്‍ തന്റെ ലോക്‌സഭാ മണ്ഡലത്തില്‍ താമസിക്കുന്ന ആളാണെന്നും പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിക്കാന്‍ അദ്ദേഹം പാസ് ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതാപ് സിംഹ സ്പീക്കറെ അറിയിച്ചു. 

പാര്‍ലമെന്റ് സന്ദര്‍ശനത്തിനായി തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റുമായും ഓഫീസുമായും അവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഇതല്ലാതെ കൂടുതല്‍ വിവരങ്ങളൊന്നും തനിക്കറിയില്ലെന്നും അദ്ദേഹം സ്പീക്കറെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു