മസ്കത്ത്: സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലെ പൊതു പരീക്ഷ ഫെബ്രുവരി 15 മുതൽ നടക്കും. 55 ദിവസം നീണ്ടുനിൽക്കുന്ന പരീക്ഷ സമയക്രമം ഏപ്രിൽ 10നാണ് അവസാനിക്കുന്നത്.
പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 10ന് ആരംഭിച്ച് മാർച്ച് 13നും 12ാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 ആരംഭിച്ച് ഏപ്രിൽ ആദ്യ വാരവും തീരും. രാവിലെ10.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് പരീക്ഷ നടക്കുക. പത്താം ക്ലാസുകാർക്ക് ഫെബ്രുവരി 15 മുതൽ ആർട് അടക്കമുള്ള പരീക്ഷകളാണ് നടക്കുക. 19ന് സംസ്കൃതം, 21 ഹിന്ദി, 26 ഇംഗ്ലീഷ്, മാർച്ച് രണ്ട് സയൻസ്, നാല് ഹോം സയൻസ്, ഏഴ് സോഷ്യൽ സയൻസ്, 11 ഗണിതശാസ്ത്രം, മാർച്ച് 13 ഐ.ടി. ടൈംടേബിൾ സി.ബി.എസ്.ഇ വെബ് സൈറ്റിൽ ലഭ്യമാണ്.
ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ ശൈത്യകാല അവധിയിലേക്ക് നീങ്ങുകയാണ്. ചില സ്കൂളുകൾ അവധിക്കായി അടച്ചുകഴിഞ്ഞു. എന്നാൽ, സാധാരണത്തെക്കാൾ കുറഞ്ഞ അവധിയാണ് ഈ വർഷം കുട്ടികൾക്ക് ലഭിക്കുന്നത്. രണ്ടാഴ്ചത്തെ അവധി മാത്രമാണ് നൽകുന്നത്. പൊതു പരീക്ഷകൾ നേരത്തേ നടക്കുന്നതാണ് അവധി കുറക്കാൻ പ്രധാന കാരണം. സാധാരണ പത്ത്, 12 ക്ലാസ് പരീക്ഷകൾ മാർച്ചിലാണ് നടക്കാറുള്ളത്.
ഈ വർഷം ഫെബ്രുവരിയിൽ ആരംഭിച്ച് മാർച്ച് ആദ്യ പാദത്തോടെ അവസാനിക്കുന്ന രീതിയിലാണ് പത്താം ക്ലാസ് പരീക്ഷ ടൈംടേബ്ൾ. ഇത് കാരണം ഇനിയുള്ള ദിവസങ്ങൾ കുട്ടികൾക്ക് വിലപ്പെട്ടതാണ്. ക്രിസ്മസ് അവധി കഴിഞ്ഞ് തുറക്കുന്നതോടെ പത്ത്, 12 ക്ലാസിലെ അധ്യാപകർ കുട്ടികളെ പരീക്ഷക്ക് സജ്ജമാക്കുന്ന തിരക്കിലേക്ക് നീങ്ങും.
ജനുവരി ആദ്യ വാരത്തോടെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും. എല്ലാ സ്കൂളുകളിലും പാഠഭാഗങ്ങൾ പഠിപ്പിച്ച് കഴിഞ്ഞു. ആവർത്തന ക്ലാസുകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിന്റെ ഭാഗമായി പരീക്ഷകളും മറ്റ് ടെസ്റ്റുകളും നടത്തുന്നുണ്ട്. കുട്ടികൾക്ക് കഠിന ശ്രമത്തിന്റെ കാലമാണ് വരുന്നത്. പഠനവും മനനവുമായി സ്കൂളുകളിലും വീടുകളിലുമായി കുട്ടികൾ ഒതുങ്ങും.
ജനുവരിയോടെ രക്ഷിതാക്കാളും പരീക്ഷച്ചൂടിലേക്ക് മാറും. അവധി കഴിഞ്ഞെത്തുന്നതോടെ രക്ഷിതാക്കൾ കുട്ടികൾക്കെപ്പം കുടുതൽ സമയം ചെലവിടുന്നതിനാൽ പുറത്തിറങ്ങുന്നത് കുറയും. കുട്ടികൾക്കൊപ്പം ഇരുന്നും അവരുടെ സംശയങ്ങൾ ദൂരീകരിച്ചും രക്ഷിതാക്കളും പഠനത്തിൽ പങ്കാളിയാവും.
പൊതു പരീക്ഷ നടക്കുന്ന ക്ലാസിലെ കുട്ടികൾ പലരും ശൈത്യകാല അവധിക്ക് നാട്ടിൽ പോവുന്നില്ല. പലരും അവധി ആഘോഷം ഒഴിവാക്കി കുട്ടികളുടെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു