തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു കാന്പസിലും കാലുകുത്തിക്കില്ലെന്ന എസ്എഫ്ഐയുടെ വെല്ലുവിളി ഏറ്റെടുത്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡിസംബർ 18നു കാലിക്കട്ട് സർവകലാശാല സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സനാതന ധർമപീഠത്തിന്റെ സെമിനാറിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പങ്കെടുക്കും.
ഡിസംബർ 16 മുതൽ 18 വരെ കാലിക്കട്ട് സർവകലാശാല ഗസ്റ്റ് ഹൗസിൽ താമസിക്കാനാണ് ഗവർണർ ഒരുങ്ങുന്നത്. നേരത്തെ കോഴിക്കോട്ടെ സർക്കാർ ഗസ്റ്റ് ഹൗസിൽ താമസിക്കാനായിരുന്നു ഗവർണറുടെ തീരുമാനം. എസ്എഫ്ഐയുടെ പ്രഖ്യാപനം വന്നതോടെ താമസം കാന്പസിനുള്ളിലെ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു.
കേരളത്തിലെ ഒരു ക്യാമ്പസിലും ഗവർണർ കയറില്ലെന്നും അദ്ദേഹത്തെ തടയുമെന്നുമായിരുന്നു എസ്എഫ്ഐയുടെ പ്രസ്താവന. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണ്. സമരമാകെ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിക്കുന്നു. അക്രമ സംഭവം ഒന്നും നടന്നിട്ടില്ല. പാളയത്ത് ഗവര്‍ണറുടെ വാഹനം ആക്രമിച്ചില്ല. വാഹനത്തിന് മുന്നിൽ ചാടുക എന്ന സമരം ഉണ്ടാകില്ല. വാഹനത്തെ സ്പർശിക്കാതെയുള്ള ജാഗ്രത എസ്എഫ്ഐ പ്രവര്‍ത്തകര്‍ പുലർത്തും, ഗവര്‍ണറുടെ യാത്രാ റൂട്ട് പൊലീസ് ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം അദ്ദേഹം നിഷേധിച്ചു. ഞങ്ങൾക്കാരും വിവരം ചോർത്തി നൽകണ്ട. മൂന്നു വഴികൾ വഴിയാണ് ഗവർണർ പോകുന്നത്. ആ വഴികളിൽ എസ്എഫ്ഐ ക്കാരുണ്ടായിരുന്നു. ഒരു പൊലിസിന്റേയും സഹായം എസ്എഫ്ഐക്ക് വേണ്ടെന്നും ആര്‍ഷോ പറഞ്ഞു.
അതിനിടെ തിരുവനന്തപുരത്തു ഗവർണർക്കു നേർക്കുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് ഇന്റലിജൻസ് ബ്യൂറോ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചു. ഗവർണറുടെ യാത്രയ്ക്കിടയിലുണ്ടായ സംഭവങ്ങൾ വിശദീകരിച്ചാണു റിപ്പോർട്ട് സമർപ്പിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു