ന്യൂഡല്‍ഹി: പാര്‍ലമെന്റ് അതിക്രമിച്ചുകയറിയതിൽ അഞ്ചാമത്തെയാൾ പിടിയിൽ. ഹരിയാന ഗുരുഗ്രാം സ്വദേശി ലളിത് ആണ് പിടിയിലായത്. നേരത്തെ നാലുപേര്‍ പിടിയിലായിരുന്നു. സംഘത്തില്‍ ആറുപേരുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞിരുന്നു.
വിക്രം എന്നയാളാണ് ആറാമനെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം അഞ്ചായി. ലളിതിന്റെ ഗുരുഗ്രാമിലെ വീട്ടിലാണ് പ്രതികൾ ഒന്നിച്ച് താമസിച്ചതെന്നും പൊലീസ് പറയുന്നു.
ലോക്സഭയിൽ ശൂന്യവേളയ്ക്കിടെയാണ് ഗാലറിയിൽ നിന്ന് രണ്ടുപേർ നടുത്തളത്തിലേക്ക് ചാടിയത്. രണ്ടുപേർ സഭയ്ക്കുള്ളിൽ കയറിയും രണ്ടുപേർ പാർലമെന്റ് മന്ദിരത്തിന് പുറത്തും അതിക്രമിച്ച് കടന്ന് മുദ്രാവാക്യം വിളിക്കുകയും മഞ്ഞ നിറത്തിലുള്ള കളർ സ്മോക്ക് പ്രയോഗിക്കുകയായുമായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതായും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും സ്പീക്കർ രണ്ട് മണിക്ക് സഭ പുനരാരംഭിച്ചപ്പോൾ അറിയിച്ചു. അന്വേഷണത്തിൽ ചേരാൻ ഡൽഹി പൊലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
സാഗർ ശർമ്മ, ഡി മനോരഞ്ജൻ എന്നീവരാണ് ലോക്സഭയിൽ നുഴഞ്ഞുകയറിയത്. ഇതിൽ മനോരഞ്ജൻ എൻജിനീയറിംഗ് ബിരുദധാരിയാണ് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. അതിക്രമിച്ചു കടന്നവരിൽ ഒരാളിൽ നിന്ന് ബി.ജെ.പി എംപി നൽകിയ പാസും പിടിച്ചെടുത്തിട്ടുണ്ട്. മെെസൂരുവിൽ നിന്നുള്ള ബി.ജെ,പി എം,പി പ്രതാപ് സിൻഹയുടെ ഓഫീസിൽ നിന്നുമാണ് ഇയാൾക്ക് പാസ് ലഭിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള അമോൽ എന്നയാളെയും ഹരിയാനയിലെ ഹിസാർ സ്വദേശിയായ നീലം എന്ന യുവതിയെയുമാണ് പാർലമെന്റിന് പുറത്ത് നിന്ന് പിടികൂടിയത്.
അതേസമയം, ലോക്സഭയിലേക്ക് ഇരച്ചുകയറിയ രണ്ടുപേരെ ‘സ്പോൺസർ’ ചെയ്തത് ഭരണകക്ഷിയിലെ പാർലമെന്റ് അംഗമാണെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് എംപി ശശി തരൂർ. സുരക്ഷാ ഭീഷണിയെ കുറിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വിശദമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘‘ഇവരെ സ്പോൺസർ ചെയ്തത് ഭരണകക്ഷിയിലെ സിറ്റിങ് എംപി ആണെന്നതാണ് വസ്തുത. ഇവർ സ്മോക് പിസ്റ്റളുകൾ കടത്തി. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ആക്രോശിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. സുരക്ഷയുടെ കാര്യത്തിൽ പഴയ പാർലമെന്റ് മന്ദിരത്തിലെ ക്രമീകരണങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ മന്ദിരം അത്ര നന്നായി ക്രമീകരിച്ചതായി തോന്നുന്നില്ല’’– അദ്ദേഹം പറഞ്ഞു. 2001ലെ പാർലമെന്റ് ആക്രമണത്തിന്റെ വാർഷികത്തിലാണ് സംഭവം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു