ജനീവ: ഗാസയിലെ ബോംബാക്രമണം നിർത്താൻ ഇസ്രായേലിനുമേൽ സമ്മർദ്ദം ചെലുത്തി സഖ്യകക്ഷികൾ. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് യുഎൻ ജനറൽ അസംബ്ലി (യുഎൻജിഎ) പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് സഖ്യകക്ഷികൾ ഇസ്രയേലിനുമേൽ സമ്മർദ്ദം ശക്തമാക്കിയത്.
ഗസ്സയിലേത് വകതിരിവില്ലാത്ത ബോംബാക്രമണെന്നും ഇസ്രായേലിന് ലോകജനതയില്‍നിന്ന് ലഭിച്ച പിന്തുണ നഷ്ടമാകുകയാണെന്നും യു എസ് പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാറിന്റെ നിലപാടുകള്‍ മാറണമെന്നും വാഷിംഗ്ടണില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി അനുകൂലികളുടെ യോഗത്തില്‍ ബൈഡന് പറഞ്ഞു
സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്ന ഇസ്രായേൽ നിലപാട് യു.എസ് തള്ളി. ഇസ്രായേൽ കമ്യൂണിക്കേഷൻ മന്ത്രിയാണ് സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം അനുവദിക്കില്ലെന്നും ഓസ്ലോ കരാർ അപ്രസക്തമെന്നും വ്യക്തമാക്കി. എന്നാൽ ഇത് തള്ളിയ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഫലസ്തീൻ അതോറിറ്റിയെ കൂടുതൽ ശക്തിപ്പെടുത്തേണ്ട ഘട്ടമാണിതെന്ന് ചൂണ്ടിക്കാട്ടി.
193 യുഎന്‍ അംഗരാജ്യങ്ങളില്‍ 153 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. അമേരിക്കയും ഇസ്രായേലും ഉള്‍പ്പെടെ പത്ത് രാജ്യങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 23 രാജ്യങ്ങള്‍ വിട്ടുനിന്നു. പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യയും വോട്ട് ചെയ്തു. കഴിഞ്ഞ തവണ ഇന്ത്യ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.
അള്‍ജീരിയ, ബഹ്റൈന്‍, ഇറാഖ്, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുഎഇ, ഫലസ്തീന് തുടങ്ങിയ രാജ്യങ്ങള്‍ അടിയന്തര മാനുഷിക വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ പിന്തുണച്ചു.
ഇസ്രായേലും അമേരിക്കയുമടക്കം 10 രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. ആസ്ത്രിയ, പരാഗ്വെ, ചെക് റിപ്പബ്ലിക്, ഗ്വാട്ടിമാല, ലൈബീരിയ, മൈക്രോനേഷ്യ, നൗറു, പാപ്പുവ ന്യൂഗിനിയ, എന്നീ രാജ്യങ്ങളാണ് വെടിനിർത്തലിനെ എതിർത്തത്.
ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് യു.എൻ പ്രമേയം പാസാക്കുന്നത്. ഒക്ടോബർ 27ന് 120 രാജ്യങ്ങളുടെ പിന്തുണയിൽ പ്രമേയം പാസാക്കിയിരുന്നു.
ഒക്ടോബർ 7 മുതൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 18,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും 50,000-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു