കുവൈത്ത് സിറ്റി: രാജ്യത്ത് ലഹരിക്കെതിരെ പോരാട്ടം ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസം കടൽ വഴി കുവൈത്തിലേക്ക് വൻ മയക്കുമരുന്നു ശേഖരം കടത്താനുള്ള ശ്രമം കോസ്റ്റ് ഗാർഡ് പരാജയപ്പെടുത്തി. 40 കിലോ ഹഷീഷ് ആണ് പിടികൂടിയത്. ഇതിന് വിപണിയില്‍ ഒന്നര ലക്ഷത്തോളം ദീനാര്‍ മൂല്യം കണക്കാക്കുന്നു. കുവൈത്ത് സമുദ്രാതിർത്തിക്കുള്ളിൽ ബോട്ടുകളിലൊന്നിൽ നിരോധിത വസ്തുക്കളുടെ സാന്നിധ്യമുള്ളതായി സൂചന ലഭിച്ചിരുന്നു.
തുടർന്ന് മാരിടൈം സെക്യൂരിറ്റി വിഭാഗം ബോട്ട് നിരീക്ഷിക്കാനും അന്വേഷിക്കാനും സേന രൂപവത്കരിച്ചു. ഇതിനു പിറകെ നടത്തിയ നീക്കത്തിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഭരണിയിൽ പാക്കറ്റുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ഹഷീഷ്. ബോട്ടിൽ നിന്ന് അഞ്ചുപേരെയും പിടികൂടി.
പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്ന് ഉള്‍പ്പെടെയുള്ള വസ്തുക്കളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. രാജ്യത്ത് മയക്കുമരുന്ന് കടത്ത്, ഉപയോഗം, വിൽപന എന്നിവക്കെതിരെ ശക്തമായ പരിശോധനകളും നടപടികളും നടന്നുവരുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു