ടോക്കിയോ: സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച മൂന്ന് സൈനികർ കുറ്റക്കാരെന്ന് ജപ്പാനിലെ കോടതി. ജപ്പാനിൽ ഏറെ വിവാദമായ കേസിലാണ് കോടതിയുടെ വിധിയെത്തുന്നത്. റിന ഗൊനോയി എന്ന 24കാരിയായ സൈനിക ഉദ്യോഗസ്ഥ സഹപ്രവർത്തകരിൽ നിന്ന് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളേക്കുറിച്ച് 2022ൽ യുട്യൂബ് വീഡിയോയിലൂടെയാണ് തുറന്ന് പറഞ്ഞത്. റിനയുടെ വെളിപ്പെടുത്തൽ രാജ്യത്ത് വലിയ രീതിയിലുള്ള കോലാഹലമാണ് സൃഷ്ടിച്ചത്.
മാർച്ച് മാസത്തിലാണ് 3 സൈനിക ഉദ്യോഗസ്ഥർക്കെതിരെ ഫുക്കുഷിമയിലെ പ്രോസിക്യൂട്ടർമാർ അവരുടെ മുന്‍ നിലപാടുകളില്‍ നിന്ന് വിഭിന്നമായി കുറ്റങ്ങൾ ചുമത്തിയിരുന്നു. ലൈംഗിക കുറ്റകൃത്യങ്ങളേക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ ജപ്പാനിൽ വളരെ അപൂർവ്വവും സാമൂഹികാചാരപ്രകാരം ഒഴിവാക്കപ്പെടുന്ന ഒന്നുമാണ്. ഇതിനിടയിലാണ് റിന ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നതിനിടയിൽ റിനയുടെ വെളിപ്പെടുത്തലിന് ദേശീയ തലത്തിൽ ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നു. അവർ ചെയ്തത് കുറ്റകൃത്യമാണെന്ന് സ്ഥിരീകരിക്കുന്നതാണെന്നും സമാന രീതിയിൽ പീഡനങ്ങളേൽക്കുന്നവർക്ക് തുറന്നുപറയാനുള്ള ധൈര്യം നൽകുന്നതാണെന്നും കോടതിയുടെ തീരുമാനമെന്നാണ് റിന പ്രതികരിക്കുന്നത്.
ജൂണ്‍ മാസത്തിന് ശേഷം നടക്കുന്ന സുപ്രധാന തീരുമാനമാണ് കോടതിയുടേത്. ലൈംഗിക പീഡനവും കണ്സെന്റും സംബന്ധിച്ച നിയമങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ വേണമെന്ന് റിനയുടെ വെളിപ്പെടുത്തലിന് പിന്നാലെ രാജ്യവ്യാപകമായി ആവശ്യം ഉയർന്നിരുന്നു. 2021 ഓഗസ്റ്റിലാണ് പുരുഷ സഹപ്രവർത്തകർക്ക് മുന്നിൽ വച്ച് റിന ആക്രമിക്കപ്പെട്ടത്. ആരും റിനയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയോ സഹപ്രവർത്തകരെ പിന്തിരിപ്പിക്കാനോ ശ്രമിച്ചില്ലെന്നും റിന വെളിപ്പെടുത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥരോട് പീഡനത്തേക്കുറിച്ച് പരാതിപ്പെട്ടെങ്കിലും പരാതി തള്ളുകയാണ് ഉണ്ടായത്.
സാക്ഷി മൊഴികള്‍ ഇല്ലെന്ന പേരിലായിരുന്നു റിനയുടെ പരാതി സൈനിക ഉദ്യോഗസ്ഥർ തള്ളിയത്. ഇതോടെ റിന സൈനിക സേവനം ഉപേക്ഷിക്കുകയായിരുന്നു. ജപ്പാന് സർക്കാരിനെതിരെയും റിന സിവിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. തനിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക വ്യഥയ്ക്കും അക്രമം തടയുന്നതിൽ സർക്കാർ സംവിധാനങ്ങളിലുണ്ടായ വീഴ്ചയ്ക്കും എതിരെയാണ് ഈ കേസ്.
ജപ്പാന്റെ ഗ്രൗണ്ട് സെൽഫ് ഡിഫൻസ് ഫോഴ്സിന്റെ തലവൻ യോഷിഹിഡെ യോഷിദ ടോക്കിയോയിൽ 2022 സെപ്റ്റംബർ 29-ന് ഒരു വാർത്താ സമ്മേളനത്തിനിടെ റിനയോട് ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട അഞ്ച് പേരെ പിരിച്ചുവിട്ടതായും മറ്റ് നാല് പേരെ ശിക്ഷിച്ചതായും സേന വിശദമാക്കിയിരുന്നു. റിനയുടെ ആരോപണങ്ങൾ ജപ്പാൻ പ്രതിരോധ മന്ത്രാലയം സൈന്യത്തിലെ ലൈംഗികാതിക്രമത്തെക്കുറിച്ച് വ്യാപകമായ ഒരു സർവേയ്ക്ക് നടത്താനും കാരണമായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു