പാലക്കാട്: ഭർതൃവീട്ടിൽ യുവതി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് പരാതി. പാലക്കാട് ചാലിശ്ശേരി സ്വദേശി സെബീനയാണ് ഒരുമാസം മുമ്പ് തൃശ്ശൂർ കല്ലുപുറത്ത് ഭർതൃവീട്ടിൽ ജീവനൊടുക്കിയത്.
മരിക്കുന്നത് മുമ്പ് സെബീന മാതാവിന് അയച്ച ശബ്ദസന്ദേശവും പുറത്തു വന്നിട്ടുണ്ട്. “എന്നോടിവിടെ നിൽക്കാൻ നാണമില്ലേന്ന് ചോദിച്ച് ബുദ്ധിമുട്ടിക്കാണ്. എന്താ ഞാൻ ചെയ്യേണ്ടേ… എനിക്കറിയില്ല”. തൃശ്ശൂർ കല്ലുംപുറത്ത് സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ സെബീന മരിക്കുന്നതിന് മുമ്പ് മാതാവിന് അയച്ച ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം ഇതായിരുന്നു.
“എറങ്ങി പൊയ്ക്കോ.. അന്നെ വേണ്ടാന്നാ പറയണേ… എന്നെ ഇവര് പ്രാന്താക്കാണ് ഉമ്മാ… എന്താ ചെയ്യേണ്ടേ ഉമ്മാ… എനിക്ക് പറ്റണില്ല”.സെബീന ശബ്ദസന്ദേശത്തില് പറയുന്നു.
2016 ഒക്ടോബറിലായിരുന്നു സെബീനയും സൈനുൽ ആബിദീനും തമ്മിലുള്ള വിവാഹം. വിവാഹസമയത്ത് വീട്ടുകാർ സ്ത്രീധനമോ മറ്റോ ചോദിച്ചിരുന്നില്ല. 100 പവനെങ്കിലും സ്ത്രീധനം തങ്ങൾ പ്രതീക്ഷിച്ചിരുന്നതായി വിവാഹശേഷം സൈനുൽ ആബിദീന്റെ വീട്ടുകാർ പറഞ്ഞിരുന്നുവെന്ന് സെബീനയുടെ കുടുംബം ആരോപിച്ചു. പിന്നീട് പലതവണയായി സെബീനയുടെ കുടുംബത്തിൽ നിന്ന് പണംവാങ്ങി.
ചെറിയ ആവശ്യങ്ങൾക്കു പോലും വലിയ തുക വാങ്ങിയിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം. പലതവണ വീട്ടുകാരുമായി പ്രശ്നങ്ങളുണ്ടായി. 45 തവണ പള്ളിക്കമ്മിറ്റിയടക്കം ഇരുവീട്ടുകാർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടന്നിട്ടുണ്ടെന്നും സെബീനയുടെ കുടുംബം പറയുന്നു.
പണത്തിനായി പിതാവ് ഉമ്മയെ നിരന്തരം മർദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ കുട്ടിയും പറയുന്നു. നിരന്തരം പണം നൽകിയെങ്കിലും തന്റെ മകളെ ഭർതൃവീട്ടുകാർ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് മരിച്ച സെബിനയുടെ പിതാവ് പറഞ്ഞു. ‘എന്റെ മോളെ തല്ലുന്നത് അവൾ വിഡിയോ എടുക്കുമ്പോൾ അവര് ഫോൺ പിടിച്ചുവെക്കുമായിരുന്നു. ഇവര് അഞ്ചുപേരുംകൂടിയാണ് ഫോൺ പിടിച്ചുവെക്കാറ്. ഉപ്പയും ഉമ്മയും അസീനയും ജസ്നയും അബ്ബാസുമാണ് മെബൈൽ പിടിച്ചുവെക്കുന്നത്. പിന്നീട് അത് എറിഞ്ഞുപൊട്ടിക്കും. നാല് ഫോൺ ഞാൻ എന്റെ കുട്ടിക്ക് കൊടുത്തയച്ചു. ഇത് നാലും അവർ എറിഞ്ഞുപൊട്ടിച്ചു. അതിൽ വോയിസും കാര്യങ്ങളുമൊക്കെയുണ്ടായിരുന്നു. അതെല്ലാം പോയി. നിരന്തരം പീഡനം തന്നെ. അവർക്ക് പൈസ വേണം. എന്റെ മോളെ കൊന്ന് തൂക്കിയതാണ്. എല്ലാ ആഭരണങ്ങളും അവര് എടുത്തു. ഞാൻ അഞ്ചാറ് പ്രവാശ്യം എടപാട് ചോദിച്ചിട്ടും അവര് അത് തന്നട്ടില്ല’. സെബീനയുടെ പിതാവ് പറഞ്ഞു.
ഭാര്യവീട്ടിൽ നിന്ന് ലഭിക്കുന്ന പണമുപയോഗിച്ച് ജീവിക്കുകയായിരുന്നുവത്രെ സൈനുൽ ആബിദീന്റെ ലക്ഷ്യം. പലതവണ ഇയാളെ ഗൾഫിലേക്ക് കൊണ്ടുപോയിട്ടും ജോലി ചെയ്യാൻ തയാറായില്ലെന്നും പരാതിയിലുണ്ട്. ജ്യേഷ്ഠന്റെ ഭാര്യയടക്കം സെബീനയെ ഉപദ്രവിച്ചിരുന്നു. നിലവിൽ സൈനുൽ ആബിദീനും കുടുംബവും ഒളിവിലാണെന്നാണ് കുന്നംകുളം പൊലീസ് പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു