ന്യൂഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിനുള്ളില്‍ കടന്നുകയറി അതിക്രമം കാണിച്ച സംഭവത്തില്‍ അന്വേഷണം വിപുലമാക്കി ഇന്റലിജന്‍സ് ബ്യൂറോ (ഐബി). ബുധനാഴ്ച വൈകീട്ടോടെ രഹസ്യാന്വേഷണ ഏജന്‍സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റിലെത്തി പരിശോധന നടത്തി. പിടിയിലായ നാലുപേരേയും ചോദ്യംചെയ്തു.
പ്രതികളുടെ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചുവരുകയാണ്. പ്രതിഷേധിച്ചവരിലൊരാൾ എഞ്ചിനീയറിംഗ് ബിരുദധാരിയെന്ന് വിവരം. മൈസൂരു സ്വദേശിയായ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡി. മനോരഞ്ജനും, സാഗർ ശർമ്മ എന്നയാളുമാണ് ലോക്സഭയിൽ കളർ സ്പ്രേ പ്രയോഗിച്ചത്. ബെംഗളുരുവിലെ വിവേകാനന്ദ സർവകലാശാലയിലാണ് 35 കാരനായ ഡി മനോരഞ്ജൻ പഠിച്ചതെന്നും പുറത്തുവരുന്നു. മൈസൂരു എംപി പ്രതാപ് സിൻഹ നൽകിയ പാസ്സുപയോഗിച്ചാണ് സാഗർ ശർമയും മനോരഞ്ജനും അകത്ത് കയറിയതെന്നാണ് വിവരം.
പോലീസിനൊപ്പം ഐ.ബി ഉദ്യോഗസ്ഥര്‍ പ്രതികളുടെ വീടുകളിലെത്തിയും പരിശോധന നടത്തി. ഇവരുടെ ഫോണുകളും പിടിച്ചെടുത്തു. പ്രതികള്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരുകയാണ്. ഇവരില്‍നിന്ന് കണ്ടെടുത്ത രേഖകള്‍ തുടര്‍പരിശോധനകള്‍ക്കായി പിടിച്ചെടുത്തതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പിടിയിലായ നാലുപേര്‍ക്കും പരസ്പരം അറിയാമെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. സാമൂഹിക മാധ്യമം വഴിയാണ് ഇവരുടെ പരിചയമെന്നും ഇതിലൂടെയാണ് ഇവര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്നുമാണ് വിവരം. അക്രമികള്‍ പാര്‍ലമെന്റില്‍ എത്തിയത് മുതലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരുകയാണ്. പ്രതികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ഐബി മറ്റ് അന്വേഷണ ഏജന്‍സികളേയും ബന്ധപ്പെടുന്നുണ്ട്.
അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രംഗത്തെത്തി. ആഭ്യന്തര മന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഗാർഖെ ആവശ്യപ്പെട്ടു. വിവരങ്ങൾ അംഗങ്ങൾ അറിയണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. അംഗങ്ങളെ സുരക്ഷാ വീഴ്ച സംഭവിച്ച വിവരങ്ങൾ അറിയിച്ചില്ലെന്ന് പരഞ്ഞ് രാജ്യസഭയിൽ നിന്ന് പ്രതിപക്ഷ അംഗങ്ങൾ ഇറങ്ങിപോയി.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാര്‍ലമെന്റിനുള്ളില്‍ അക്രമണമുണ്ടായത്. സന്ദര്‍ശക ഗാലറിയിലിരുന്ന രണ്ടുപേര്‍ പെട്ടെന്ന് താഴേക്ക് ചാടിയിറങ്ങി കൈയിലുണ്ടായിരുന്ന സ്പ്രേ ചുറ്റുമടിച്ച് അതിക്രമം കാണിക്കുകയായിരുന്നു. എം.പിമാര്‍ ചേര്‍ന്നാണ് ഇരുവരേയും പിടികൂടിയത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു