തിരുവനന്തപുരം∙ എസ്എഫ്ഐ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വഴിയിൽ തടഞ്ഞ കേസിൽ നിലപാട് മയപ്പെടുത്തി പ്രോസിക്യൂഷൻ. ഗവർണറുടെ കാറിനുണ്ടായ നഷ്ടം എത്രയാണെങ്കിലും കെട്ടിവയ്ക്കാമെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തോട്, കാശ് കെട്ടിവച്ചാൽ എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്നും കോടതി പ്രതികരിച്ചു. ഗുരുതരമായ കുറ്റകൃത്യമാണെന്നും ജാമ്യം കൊടുക്കരുതെന്നും ഇന്നലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ (മൂന്ന്) വാദിച്ച അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, പ്രതികള്‍ക്ക് അനുകൂല നിലപാടാണ് ഇന്ന് കോടതിയിൽ സ്വീകരിച്ചത്. പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും.
ഗവർണർക്കു നേരെ നടന്നത് ആക്രമണമാണെന്ന വ്യാഖ്യാനത്തോട് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എപിപി) വ്യത്യസ്ത അഭിപ്രായമാണ് കോടതിയിൽ പറഞ്ഞത്. ഗവർണറെയും രാഷ്ട്രപതിയെയും ആക്രമിക്കുന്നതിനെതിരായ ഐപിസി 124–ാം വകുപ്പ് പ്രതികൾക്കെതിരെ ചുമത്തിയതിനോട് എപിപി പറഞ്ഞ അഭിപ്രായം ഇങ്ങനെ: ‘‘സർവകലാശാല സെനറ്റിലേക്ക് ഗവർണർ താൽപര്യമുള്ള അംഗങ്ങളെ നോമിനേറ്റ് ചെയ്തതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്. നിയമനം നടന്ന് ദിവസങ്ങൾക്കുശേഷമാണ് പ്രതിഷേധം ഉണ്ടായത്. നിയമനം നേരത്തെ കഴിഞ്ഞ കാര്യമായതിനാൽ പ്രതിഷേധം മാത്രമായേ കാണാനാകൂ, മറ്റ് രീതിയിൽ വ്യാഖ്യാനിക്കാനാകില്ല’’.
ചെയ്യാനിരിക്കുന്ന നടപടികൾ തടസ്സം വരുത്തണം എന്ന ഉദ്ദേശ്യത്തിൽ കുറ്റം ചെയ്താലേ ഐപിസി 124 നിലനിൽക്കൂ എന്ന സംശയമാണ് എപിപി ഉന്നയിച്ചത്. ഗവർണറുടെ കാർ കേടുവരുത്തിയത് പൊതുമുതൽ നശീകരണമാണ്. പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്തിയ കുറ്റം നിലനിൽക്കും എന്നും എപിപി വാദം പറഞ്ഞു. ഗവർണർക്കു നേരെയുണ്ടായത് പ്രതിഷേധം മാത്രമാണെന്നും ആക്രമണം നടത്തിയിട്ടില്ലെന്നും പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. ഗവർണർ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനു പോകുകയായിരുന്നു എന്ന് പൊലീസ് റിപ്പോർട്ട് നൽകിയിട്ടില്ല.
READ ALSO…സിപിഐ നേതാവ് കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ എൻസിഡിസി അനുശോചനം രേഖപ്പെടുത്തി
വിദ്യാർഥികൾ സാധാരണ പ്രതിഷേധം നടത്താറുണ്ട്. ഗവർണറുടെ കാറിനു നാശനഷ്ടം ഉണ്ടായെങ്കിൽ കെട്ടിവയ്ക്കാന്‍ തയാറാണെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഗവർണർക്കെതിരെ പ്രതിഷേധിച്ച 7 വിദ്യാർഥികൾക്കു നേരെയാണ് കേസെടുത്തത്. ഐപിസി 124 വകുപ്പ് തെളിഞ്ഞാൽ 7 വർഷം വരെ തടവുശിക്ഷ ലഭിക്കും. സർക്കാർ ജോലി ലഭിക്കില്ല. ഗവർണറെ തടഞ്ഞ് ആക്രമിച്ചത് സ്റ്റേറ്റിനെതിരെയുള്ള കുറ്റകൃത്യമാണെന്നാണ് എഫ്ഐആറിൽ പറയുന്നത്. പൊതുമുതൽ നശിപ്പിച്ചതിനു പിഡിപിപി വകുപ്പും ഉൾപ്പെടുത്തി. പ്രതികളെ കോടതി റിമാൻഡ് ചെയ്തിരുന്നു.
https://anweshanam.com/local-news/ncdc-condoles-the-death-of-cpi-leader-kanam-rajendran/cid12997521.htm