ആകാശത്തിലും ഭൂമിയിലും യാത്രകൾ നടത്തിയിട്ടുണ്ടെങ്കിലും ആരെയും മോഹിപ്പിക്കുന്ന ഒരു വശ്യസുന്ദരിയാണ് അനന്തമായി കിടക്കുന്ന കടൽ. കായലിലും തടാകങ്ങളിലും ഒക്കെ നമ്മൾ ബോട്ട് സവാരി നടത്തിയിട്ടുണ്ട്. ചെറിയ ചില കപ്പൽ യാത്രകളും നടത്തിയിട്ടുണ്ട്. എന്നാൽ, ക്രൂയിസ് യാത്രകൾ മലയാളികൾ അടുത്ത് അറിഞ്ഞു വരുന്നതേയുള്ളൂ. എന്നാൽ, ഇനി ഇടം-വലം നോക്കാതെ ക്രൂയിസ് ഷിപ്പ് യാത്രകൾ നടത്താൻ തയ്യാറെടുത്തോളൂ. കാരണം, ബേപ്പൂർ – കൊച്ചി – ദുബായ് ക്രൂയിസ് സർവീസിന് കേന്ദ്രസർക്കാർ പച്ചക്കൊടി കാണിച്ച് കഴിഞ്ഞു. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ ക്രൂയിസ് സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച പ്രൊപ്പോസലിനു കേന്ദ്ര സർക്കാർ അനുമതി നൽകിക്കഴിഞ്ഞു.
ബേപ്പൂർ – കൊച്ചി – ദുബായ് എന്നിങ്ങനെ ആയിരിക്കും സർവീസ്. പ്രവാസി യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ് ക്രൂയിസ് സർവീസിന് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ക്രൂയിസ് ഷിപ്പ് സർവീസ് ആരംഭിക്കുന്നതിന് ടെണ്ടർ നടപടി ക്രമങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. എറണാകുളം എം പി ഹൈബി ഈഡന്റെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം കേന്ദ്രമന്ത്രി അറിയിച്ചത്.
കുത്തനെ ഉയരുന്ന വിമാന ടിക്കറ്റ് നിരക്ക്
കേരളത്തിൽ നിന്ന് ദുബായിലേക്കുള്ള ക്രൂയിസ് ഷിപ്പ് ആരംഭിക്കുകയാണെങ്കിൽ അത് ഏറ്റവും കൂടുതൽ ഉപകരിക്കുന്നത് പ്രവാസികൾക്ക് ആയിരിക്കും. കാരണം, അമിതമായ വിമാന ടിക്കറ്റ് നിരക്ക് നൽകിയാണ് പലപ്പോഴും പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതും പിന്നീട് മടങ്ങുന്നതും. എന്നാൽ, വിമാന ടിക്കറ്റ് നിരക്കിന്റെ മൂന്നിലൊന്ന് മാത്രം ചാർജുണ്ടെങ്കിൽ ക്രൂയിസിന് ദുബായ് വരെ എത്താൻ കഴിയും. അത് മാത്രമല്ല, വിമാനത്തിൽ കൊണ്ടു പോകുന്നതിനേക്കാൾ മൂന്നിരട്ടി അധിക ലഗേജും കൊണ്ടു പോകാൻ സാധിക്കും. കേരളത്തിനും ദുബായിക്കും ഇടയിൽ ഒരു ക്രൂയിസ് ഷിപ്പ് കൊണ്ടു വരണമെന്ന നിരന്തരമായ ആവശ്യം പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പച്ചക്കൊടി കാട്ടിയിരിക്കുന്നത്. ഷിപ്പിംഗ് കോർപറേഷൻ ഓഫ് ഇന്ത്യ, നോർക റൂട്സ്, കേരള മാരിടൈം ബോർഡ് എന്നിവയുടെ യോഗങ്ങളിലും ഇക്കാര്യം ചർച്ചയായിരുന്നു.