തിരുവനന്തപുരം: ചെറിയതുറയിൽ സ്വയം സഹായസംഘങ്ങളുടെ പേരിൽ 20 വീട്ടമ്മമാരെ കബളിപ്പിച്ച് 25 ലക്ഷം രൂപയുടെ ബാങ്ക് വായ്പ തട്ടിപ്പ്.
വീട്ടമ്മമാർക്ക് സംരംഭങ്ങൾ തുടങ്ങാൻ വായ്പ തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. സംരംഭങ്ങൾ തുടങ്ങാൻ വീട്ടമ്മമാരെ ഉൾപ്പെടുത്തി സംഘങ്ങൾ രൂപവത്കരിച്ച ചെറിയതുറ സ്വദേശി ഗ്രെയ്സിയാണ് മുഖ്യ ആസൂത്രക.
ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചക്കൽ ശാഖയുടെ പരാതിയിൽ ഫോർട്ട് പൊലീസ് കേസെടുത്തു. ഈ തുക പൂവച്ചൽ സ്വദേശിയായ അനീഷിന്റെ അക്കൗണ്ടിലേക്കാണ് പോയത്. തിരിച്ചടവ് മുടങ്ങി അക്കൗണ്ടുകൾ ബാങ്ക് മരവിപ്പിച്ചതോടെയാണ് തട്ടിപ്പിനിരയായെന്ന് വീട്ടമ്മമാർ മനസ്സിലാക്കിയത്.
തങ്ങളുടെ അറിവില്ലാതെയാണ് ഗ്രേസിയും സംഘവും വായ്പ തട്ടിയെടുത്തതെന്നാണ് വീട്ടമ്മമാർ പറയുന്നത്. പണം തിരിച്ചടച്ചില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഇന്ത്യൻ ബാങ്ക്. ഇതോടെ ആത്മഹത്യയുടെ വക്കിലാണെന്നും വീട്ടമ്മമാർ പറയുന്നു. ഇരുപത് പേരുള്ള അഞ്ച് സംഘങ്ങളുടെ പേരിൽ ഇന്ത്യൻ ബാങ്കിന്റെ ഈഞ്ചക്കൽ ശാഖയിൽ നിന്ന് 25 ലക്ഷം രൂപ വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയത്.സംഭവത്തിൽ കേസെടുത്ത ഫോർട്ട് പൊലീസ് അന്വേഷണം തുടങ്ങി. ഗ്രേസി, അനീഷ്, അനു, അഖില, ഇന്ത്യൻ ബാങ്ക് മാനേജർ രാജേഷ് എന്നിവരെ പ്രതിചേർത്താണ് കേസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു