ടെൽ അവിവ്: ഹമാസിനെ തകര്‍ക്കാന്‍ പതിനെട്ടാമത്തെ അടവുമായി ഇസ്രായേല്‍.ഗസ്സയിലെ ഹമാസിന്‍റെ ഭൂഗര്‍ഭ തുരങ്കങ്ങളിലേക്ക് ഇസ്രായേല്‍ പ്രതിരോധ സേന കടല്‍ ജലം പമ്പ് ചെയ്തു തുടങ്ങിയതായി റിപ്പോര്‍ട്ട്.ഹമാസിന്‍റെ ഭൂഗര്‍ഭ ശൃംഖലയെയും ഒളിത്താവളങ്ങളെയും നശിപ്പിക്കാനും പോരാളികളെ പുകച്ചു പുറത്തു ചാടിക്കുകയും ലക്ഷ്യമിട്ടാണ് ഐഡിഎഫിന്‍റെ പുതിയ തന്ത്രം.
ഇസ്രായേല്‍ സൈന്യം ഹമാസിന്‍റെ തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്ബ് ചെയ്യാൻ തുടങ്ങിയെന്ന് പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാള്‍ സ്ട്രീറ്റ് ജേണല്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രക്രിയയ്ക്ക് ആഴ്ചകളെടുക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. തുരങ്കങ്ങളിലേക്ക് കടല്‍വെള്ളം പമ്ബ് ചെയ്യാന്‍ ഇസ്രായേല്‍ ആലോചിക്കുന്നതായി ഈ മാസം ആദ്യം ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനായി ഇസ്രായേല്‍ പ്രതിരോധ സേന ഗസ്സ സിറ്റിയിലെ അല്‍- ഷാതി അഭയാര്‍ത്ഥി ക്യാമ്ബിന് സമീപം അഞ്ച് വലിയ വാട്ടര്‍ പമ്ബുകള്‍ സ്ഥാപിച്ചു.മെഡിറ്ററേനിയന്‍ കടലില്‍ നിന്നും മണിക്കൂറില്‍ ആയിരക്കണക്കിന് ക്യുബിക് മീറ്റര്‍ വെള്ള തുരങ്കങ്ങളിലേക്ക് അടിച്ചുകയറ്റാനും ആഴ്ചകള്‍ക്കുള്ളില്‍ വെള്ളപ്പൊക്കമുണ്ടാക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
ഹമാസിന്‍റെ ബന്ദികളെയും യുദ്ധോപകരണങ്ങളെയും ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇസ്രായേല്‍ വിശ്വസിക്കുന്ന തുരങ്കങ്ങള്‍ നശിപ്പിക്കാൻ ഈ പ്രക്രിയ സഹായിക്കുമെന്ന് ചില ബൈഡൻ ഭരണകൂട ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. കടല്‍വെള്ളം ഗസ്സയുടെ ശുദ്ധജല വിതരണത്തെ അപകടത്തിലാക്കുമെന്ന് മറ്റ് ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചതായി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചിട്ടില്ല. ”തുരങ്കങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുന്നത് ഒരു നല്ല ആശയമാണ്. പക്ഷെ അതിന്‍റെ പ്രത്യേകതകളെക്കുറിച്ച് ഞാന്‍ അഭിപ്രായം പറയുന്നില്ല” ഐഡിഎഫ് മേധാവി ഹെര്‍സി ഹലേവി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. തുരങ്കം നശിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് പ്രതികരിക്കാൻ സൈന്യം വിസമ്മതിച്ചു.
”ഈ തുരങ്കങ്ങളില്‍ ബന്ദികളെ ഒളിപ്പിച്ചിട്ടില്ലെന്ന വാദങ്ങളും നടക്കുന്നുണ്ട്. പക്ഷെ യാഥാര്‍ഥ്യമെന്താണെന്ന് എനിക്കറിയില്ല” യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലെൻസ്‌കിയുമായി വൈറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിഷയത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. എന്നാല്‍ ഈ നീക്കം ഗസ്സയിലെ ഭൂഗര്‍ഭജലത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പരിസ്ഥിതി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.കടല്‍ വെള്ളം തുരങ്കങ്ങളിലേക്ക് ഒഴുക്കിയാല്‍ ഗസ്സയിലെ വെള്ളത്തിനും മണ്ണിനുമുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചു വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015ല്‍ ഈജിപ്ഷ്യന്‍ സൈന്യം ഗസ്സയുടെ തെക്കന്‍ അതിര്‍ത്തിക്ക് താഴെയുള്ള തുരങ്കങ്ങളില്‍ ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടാക്കിയിരുന്നു. ഗസ്സയില്‍ ഇതിനോടകം 800ലധികം തുരങ്കങ്ങള്‍ കണ്ടെത്തിയതായി ഐഡിഎഫ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇതില്‍ 500 എണ്ണം സൈന്യം നശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു