റാഫ: ഗാസയിൽ വെടിനിർത്താനുള്ള യു.എൻ. രക്ഷാസമിതി പ്രമേയം ഏകപക്ഷീയമായി വീറ്റോചെയ്തതിനുപിന്നാലെ യു.എസും ഇസ്രയേലും അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുന്നു. മനുഷ്യാവകാശസംഘടനകളും അറബ്രാഷ്ട്രങ്ങളും വെടിനിർത്തലിന് സമ്മർദം ചെലുത്തുമ്പോഴും മാസങ്ങളോ ആഴ്ചകളോ എടുത്താലും ഹമാസിനെ ഉന്മൂലനംചെയ്യാതെ യുദ്ധം നിർത്തില്ലെന്ന നിലപാടിലാണ് ഇസ്രയേൽ.
ഇപ്പോൾ തുടരുന്ന കരയുദ്ധവും വ്യോമാക്രമണങ്ങളും അതേപടി തുടരുമെന്നും അടുത്തഘട്ടത്തിൽ ആക്രമണങ്ങൾക്ക് അയവുവരുത്തുമെന്നും ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റ് പറഞ്ഞു. യു.എൻ. ചാർട്ടറിന്റെ അനുച്ഛേദം 99 പ്രകാരം പ്രത്യേകാധികാരമുപയോഗിച്ച് ഗാസയിൽ വെടിനിർത്താൻ ഇടപെടണമെന്ന് രക്ഷാസമിതിയോട് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തെ അപലപിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യു.എസ്. പ്രമേയം വീറ്റോചെയ്യുകയായിരുന്നു. പിന്നാലെ, ഇസ്രയേലിന് കൂടുതൽ ആയുധസഹായവും പ്രഖ്യാപിച്ചു.
വെടിനിർത്തൽ പ്രഖ്യാപിച്ചാൽ അത് ഹമാസ് വിജയിക്കുന്നതിന് തുല്യമാണെന്നും ഗാസയുടെ ചെറിയ കോണിലെങ്കിലും അവർ തിരിച്ചുവരുന്നതിനുകാരണമാകുമെന്നും ഇസ്രയേൽ ആവർത്തിച്ച് വ്യക്തമാക്കുന്നു. ഇസ്രയേലിന്റെ വാദം യാഥാർഥ്യബോധത്തോടെയുള്ളതല്ലെന്നും ഗാസയിൽ മാത്രമല്ല വെസ്റ്റ്ബാങ്കിലും ഹമാസിന് ശക്തമായ വേരുകളും പിന്തുണയുമുണ്ടെന്നും വിദഗ്ധർ പറയുന്നു.
READ ALSO…തനിക്കെതിരായ എസ്എഫ്ഐ പ്രതിഷേധം; കേന്ദ്രത്തിന് പ്രത്യേക റിപ്പോര്‍ട്ട് നല്കാന് ഗവര്‍ണര്‍
അതിനിടെ, തെക്കൻ ഗാസയിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെ അഭയാർഥിക്യാമ്പിനുനേരെയുണ്ടായ വ്യോമാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലെ അൽ അവ്ദ ആശുപത്രിയും ആക്രമിച്ചു. യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 18,000 കടന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു