ദോഹ: ഖത്തരി ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി റവാബി ഹൈപ്പർമാർക്കറ്റിൽ ‘റവാബി നാഷനൽ പ്രൊഡക്ട് വാര’ത്തിന് തുടക്കമായി. വാണിജ്യ,വ്യവസായ മന്ത്രാലയവുമായി സഹകരിച്ചാണ് സ്വദേശി ഉൽപന്നങ്ങളുടെ പ്രോത്സാഹനത്തിന്റെ ഭാഗമായി പ്രത്യേക വിപണനമേളക്ക് തുടക്കം കുറിച്ചത്. ഖത്തറിലെ മുഴുവൻ റവാബി സ്റ്റോറുകളിലുമായി ആരംഭിച്ച മേളയുടെ ഉദ്ഘാടനം ഇസ്ഗാവ റവാബി ഹൈപ്പർമാർക്കറ്റിൽ മന്ത്രാലയത്തിലെ നാഷനൽ പ്രൊഡക്ട് സപ്പോർട്ട് വിഭാഗം ഡയറക്ടർ സൈഫ് ജാസിം അൽ കുവാരി ഉദ്ഘാടനം നിർവഹിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി തദ്ദേശീയ ഉൽപന്നങ്ങൾക്കു മാത്രമായി ‘റവാബി നാഷനൽ പ്രൊഡക്ട് വാരം’ അഭിമാനത്തോടെ പ്രഖ്യാപിക്കുന്നതായി ഗ്രൂപ് ജനറൽ മാനേജർ കണ്ണു ബക്കർ പറഞ്ഞു.
ഭക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങളുടെ അപൂർവമായ ഷോപ്പിങ് അനുഭവവുമായി മേഖലയിലെ തന്നെ മുൻനിര ഹൈപ്പർമാർക്കറ്റായി പ്രവർത്തിക്കുന്ന റവാബിയുടെ പ്രാദേശിക കർഷകർക്കും ഉൽപാദകർക്കും പിന്തുണ നൽകുകയെന്നതിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രൊമോഷന് തുടക്കം കുറിച്ചത്. പ്രാദേശിക കമ്പനികളും റവാബിയുമായി ചേർന്ന് തദ്ദേശീയ ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്ന പ്രമോഷനെ അഭിനന്ദിക്കുന്നതായി സൈഫ് ജാസിം പറഞ്ഞു. തദ്ദേശീയ കമ്പനിളകായ ബലദ്ന, റയാൻ വാട്ടർ, ഡാൻഡി, ഖത്തർ ഡിറ്റർജന്റ്സ്, ക്യൂ ബേക്, ഖത്തർ ഫില്ലങ്, തഹാലുഫ്, ഡോ. പഫ്സ്, ക്യൂ ടൂഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഉൽപന്നങ്ങൾ മേളയിൽ ലഭ്യമാകുമെന്ന് കണ്ണു ബക്കർ പറഞ്ഞു.
ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ പൈതൃകം ഉൾക്കൊണ്ട് റവാബി സൂഖും ആരംഭിച്ചു. ഉപഭോക്താക്കൾക്ക് ഇറച്ചി, മത്സ്യം എന്നിവ തിരഞ്ഞെടുത്ത് ഗ്രിൽ ചെയ്യാൻ സൗകര്യമുണ്ടാവും. ഇതോടൊപ്പം, മസാലക്കൂട്ടുകളോടെയുള്ള ഗ്രിൽ കോംബോ തെരഞ്ഞെടുക്കാനും ഇവ സൗജന്യമായി ഡെലിവറി ചെയ്യാനും ഈ വേളയിൽ ഓഫറുണ്ട്. ഒരു മാസം വരെയാണ് ഈ ഓഫർ നൽകുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു