ദോഹ: ഓരോ ദിവസവും തണുപ്പ് വർധിക്കുകയും ക്രിസ്മസും പുതുവർഷവുമെത്തുന്നതോടെ അവധിക്കാലം വരവാകുകയും ചെയ്തതോടെ യാത്രക്കൊരുങ്ങുന്നവർ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കണമെന്ന നിർദേശവുമായി ആരോഗ്യ വിദഗ്ധർ.
ശൈത്യകാല അവധിക്കാലത്ത് യാത്രകൾ ആസൂത്രണം ചെയ്യുന്നവർ പനിക്കെതിരെ വാക്സിൻ സ്വീകരിക്കണമെന്നാണ് പ്രധാന നിർദേശം. പനിക്കെതിരായ വാക്സിൻ രോഗത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളിൽനിന്ന് സംരക്ഷിക്കുക മാത്രമല്ല, സമൂഹത്തിൽ പ്രതിരോധശേഷി വർധിപ്പിക്കാനും പകർച്ചവ്യാധികളുടെ വ്യാപനം കുറക്കാനും സഹായിക്കുമെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു.
പ്രതിരോധശേഷി കെട്ടിപ്പടുക്കാൻ സമയമെടുക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും, പനി വാക്സിൻ പൂർണ സംരക്ഷണം നൽകാൻ സാധാരണയായി രണ്ടാഴ്ച എടുക്കുമെന്നും ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടറും കമ്യൂണിക്കബിൾ ഡിസീസ് സെന്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ ഡോ. മുന അൽ മസ്ലമാനി പറഞ്ഞു.ശീതകാല അവധിക്കുമുമ്പ് പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിലൂടെ വ്യക്തികൾക്ക് അവരുടെ യാത്രകളിൽ തങ്ങൾ പ്രതിരോധശേഷി കൈവരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കാൻ കഴിയും.
പ്രതിരോധ കുത്തിവെപ്പ്, പകർച്ചപ്പനിക്കെതിരെ പ്രതിരോധം തീർക്കുന്നുവെന്നും യാത്രക്കിടെ രോഗം വരാനുള്ള സാധ്യതകൾ കുറക്കുമെന്നും ഡോ. മുന അൽ മസ്ലമാനി കൂട്ടിച്ചേർത്തു.പ്രായമോ ആരോഗ്യനിലയോ പരിഗണിക്കാതെ എല്ലാവരും കുത്തിവെപ്പ് വേഗത്തിലെടുക്കണമെന്ന് നിർദേശിക്കുകയാണെന്നും, വ്യക്തികൾ സ്വയം പ്രതിരോധശേഷി കൈവരിക്കുന്നതോടൊപ്പം സമൂഹത്തിൽ ആരോഗ്യവും പ്രതിരോധശേഷിയും സൃഷ്ടിക്കപ്പെടുമെന്നും ഡോ. അൽ മസ്ലമാനി വ്യക്തമാക്കി.
വാക്സിൻ ആർക്കൊക്കെ?
ആറു മാസവും അതിനു മുകളിലുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാം. ഗർഭിണികൾ, 50 വയസ്സിന് മുകളിലുള്ളവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ചെറിയ കുട്ടികൾ തുടങ്ങിയവർ അപകടസാധ്യതയുള്ള വ്യക്തികളാണെന്നും അതിനാൽ ഈ ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നവർ വാക്സിൻ സ്വീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും അവർ ഓർമിപ്പിച്ചു.
ഖത്തറിൽ ഫ്ലൂ വാക്സിൻ എവിടെനിന്ന് ലഭിക്കുമെന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും ഇൻഫ്ലുവൻസയുമായി ബന്ധപ്പെട്ട പതിവു ചോദ്യങ്ങളും മറുപടികളും ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു