കോട്ടയം: ഏറ്റുമാനൂരിൽ നവകേരള സദസ് നടക്കുന്ന വേദിയുടെ ചുറ്റുമുള്ള കടകൾ അടച്ചിടാൻ നിർദേശം. ബുധനാഴ്ച രാവിലെ ആറു മുതൽ പരിപാടി തീരുന്നതു വരെ അടച്ചിടാനാണ് പോലീസ് നൽകിയിരിക്കുന്ന നിർദേശം.
കോവിൽ പാടം റോഡ്, പാലാ റോഡ് എന്നിവിടങ്ങളിലെ വ്യാപാരികൾക്കാണ് പോലീസ് നോട്ടീസ് നൽകിയത്. ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കട അടച്ചിടാൻ പോലീസ് നിർദേശം നൽകിയത്. അതേസമയം, ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് നോട്ടീസ് നൽകിയതെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
അതേസമയം, നവ കേരള സദസിന്റെ പ്രധാന ലക്ഷ്യം പരാതി സ്വീകരിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാലാ മണ്ഡലത്തിലെ നവ കേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ അവഗണന, സംസ്ഥാന സർക്കാർ ചെയ്യുന്ന കാര്യങ്ങൾ ഇനി ചെയ്യാനുള്ള കാര്യങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കാനാണ് നവകേരള സദസെന്ന് പറഞ്ഞ മുഖ്യമന്ത്രി, നവകേരള സദസ് പരാതി നൽകാനുള്ള വേദിയാണെന്ന് പറഞ്ഞ സ്വാഗത പ്രാസംഗകൻ തോമസ് ചാഴിക്കാടൻ എംപിയെ വിമര്‍ശിച്ചു. ഇതിൽ വരുന്നവർക്ക് പരാതിയുണ്ടെങ്കിൽ നൽകാമെന്നും പരാതികൾ നൽകാൻ വേറെയും വഴികളുണ്ടെന്നും പറഞ്ഞ മുഖ്യമന്ത്രി വേദി ഏതെന്ന് തോമസ് ചാഴിക്കാടൻ എംപി ശരിക്ക് മനസിലാക്കിയിട്ടില്ലെന്ന് പറഞ്ഞു. അത് നിർഭാഗ്യകരമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു