എരുമേലി: പമ്പയിലേയ്ക്ക് വാഹനങ്ങൾ കടത്തിവിടാത്തതിൽ പ്രതിഷേധിച്ച് ശബരിമല തീർഥാടകർ എരുമേലിയിൽ റോഡ് ഉപരോധിക്കുന്നു. എരുമേലി-റാന്നി പാത അന്യസംസ്ഥാന തീർഥാടകരാണ് ഉപരോധിക്കുന്നത്.
ഒരു വാഹനങ്ങൾ പോലും പ്രതിഷേധക്കാർ കടത്തിവിടുന്നില്ല. തീർഥാടക വാഹനങ്ങൾ പമ്പയിലേയക്ക് കടത്തിവിടണം എന്നതാണ് ആവശ്യം. കഴിഞ്ഞ അരമണിക്കൂറിലധികമായി ഇവിടെ ഉപരോധം തുടരുകയാണ്.
പോലീസ് ഇടപെട്ട് തീർഥാടകരെ അനുനയിപ്പിക്കാൻ ശ്രമം തുടരുകയാണ്. എന്നാൽ പ്രതിഷേധത്തിൽ നിന്നും പിൻമാറില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.
അതേസമയം, ശബരിമലയിൽ ഡ്യൂട്ടിക്കുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. സന്നിധാനത്ത് നിയമിച്ചിരുന്ന കെവി സന്തോഷിനെ നിലയ്ക്കലിലേക്ക് മാറ്റി. എസ്പി മധുസൂദനെ പമ്പയിലേക്കും മാറ്റിയിട്ടുണ്ട്. അരവിന്ദ് സുകുമാരന് പകരമാണ് മധുസൂദനെ നിയമിച്ചത്. ദക്ഷിണ മേഖല ഐജിയുടെ ശുപാർശയിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമുണ്ടായത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് പൊലീസുകാർക്ക് മാറ്റം നൽകിയിട്ടുള്ള ഉത്തരവ് പുറത്തുവന്നത്.
ശബരിമലയിൽ മുൻ പരിചയമുള്ള എസ്പിമാരെയടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് മാറ്റംകൊണ്ടുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു