തിരുവനന്തപുരം: ശബരിമലയിൽ ഡ്യൂട്ടിക്കുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. സന്നിധാനത്ത് നിയമിച്ചിരുന്ന കെവി സന്തോഷിനെ നിലയ്ക്കലിലേക്ക് മാറ്റി. എസ്പി മധുസൂദനെ പമ്പയിലേക്കും മാറ്റിയിട്ടുണ്ട്. അരവിന്ദ് സുകുമാരന്‍ പകരമാണ് മധുസൂദനെ നിയമിച്ചത്. ദക്ഷിണ മേഖല ഐജിയുടെ ശുപാർശയിലാണ് പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമുണ്ടായത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടയിലാണ് പൊലീസുകാർക്ക് മാറ്റം നൽകിയിട്ടുള്ള ഉത്തരവ് പുറത്തുവന്നത്.
ശബരിമലയിൽ മുൻ പരിചയമുള്ള എസ്പിമാരെയടക്കം ഉൾപ്പെടുത്തിക്കൊണ്ടാണ് മാറ്റംകൊണ്ടുവന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന പോലീസ് മേധാവി പുറത്തിറക്കി.
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ എടുത്ത പൊലീസ് നടപടികൾ പാളിയതിന് പിന്നാലെയാണ് നടപടി. നിലക്കലിലും , ഇടത്താവളങ്ങളിലും മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞിടുന്നത് കാരണം പലരും പന്തളത്ത് പാതി വഴിയിൽ തീർഥാടനം ഉപേക്ഷിക്കുകയാണ്. 10 മണിക്കൂറോളമാണ് തീർത്ഥാടകരുടെ വാഹനങ്ങൾ വഴിയിൽ കിടന്നത്.
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ നിലക്കൽ എത്തിയവർക്ക് കെഎസ്ആർടിസി ബസ്സുകൾ ലഭിക്കുന്നില്ല. മണിക്കൂറുകൾ റോഡിൽ കുടുങ്ങിക്കിടക്കുന്നവർക്ക് വെള്ളമോ ഭക്ഷണമോ ലഭിക്കുന്നില്ല. ബസ്സുകൾ നിറഞ്ഞ കവിഞ്ഞാലും വാഹനം എടുക്കാൻ ഡ്രൈവർമാർ തയ്യാറാവുന്നില്ലെന്നാണ് തീർത്ഥാടകരുടെ പരാതി.
ദർശനം നടത്തി തിരികെ പമ്പയിൽ എത്തിയവരുടെയും അവസ്ഥ മറിച്ചല്ല. മണിക്കൂറുകൾ കാത്തു നിന്നാലും തിരികെ മടങ്ങാൻ ബസ്സില്ല. എന്നാൽ, ശബരി മലയിലെ തിരക്ക് കെ എസ് ആർ ടി സി അധിക സർവീസ് നടത്താത്തതു കൊണ്ട് അല്ലെന്നാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ വാദം.
തിരക്ക് നിയന്ത്രിക്കാനും തീർത്ഥാടകരെ സഹായിക്കാനും കൂടുതൽ ജീവനക്കാരെ നിയോഗിക്കുമെന്ന് ദേവസ്വം സ്പെഷ്യൽ സെക്രട്ടറി എം . ജി രാജമാണിക്യം പറഞ്ഞു.
അതിനിടെ, ശബരിമല തീർത്ഥാടകർക്ക് എല്ലാ സഹായങ്ങളും നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. എന്‍എസ്എസ്-എന്‍സിസി വളണ്ടിയർമാരെ സഹായത്തിന് വിളിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തിന് പുറത്തുള്ള എത്ര പേര് സ്പോട്ട് ബുക്ക് ചെയ്യുന്നുണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. സ്പോട്ട് ബുക്കിംഗ് ദിവസവും പതിനായിരത്തില്‍ കൂടതലാണെന്നും കേരളത്തില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്നതെന്ന് എഡിജിപി കോടതിയെ അറിയിച്ചു.
ശബരിമലയിൽ ഒരുക്കിയ സൗകര്യങ്ങൾ ദൃശ്യങ്ങൾ സഹിതം എഡിജിപി ഹൈക്കോടതിയിൽ വിശദീകരിച്ചു. നിലയ്ക്കല്‍ പാര്‍ക്കിംഗ് നിറഞ്ഞെന്ന് എഡിജിപി ഹൈക്കോടതിയെ അറിയിച്ചു. ശബരിപീഠത്തിലും അപ്പാച്ചിമേട്ടിലും തിരക്കാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം, അരമണിക്കൂര്‍ കാത്തുനിന്നാണ് ഒരാളും പരാതി പറയില്ലെന്ന് കോടതി പറഞ്ഞു. വെര്‍ച്വല്‍ വ്യൂ വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് സൗകര്യം കിട്ടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി, മണിക്കൂറുകള്‍ വൈകുമ്പോള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് സൗകര്യം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. നിലയ്ക്കലില്‍ തിരക്കാണെങ്കില്‍ മറ്റിടങ്ങളില്‍ പാര്‍ക്കിംഗ് ഒരുക്കണമെന്നും ജില്ലാ ഭരണകൂടവും ദേവസ്വം ബോര്‍ഡും വോളണ്ടിയര്‍മാരുടെ സഹായം തേടണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ക്യൂ കോംപ്ലക്സുകള്‍ വൃത്തിയായിരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു