ഇന്ത്യ മുൻകയ്യെടുത്ത നിർദിഷ്ട ക്വാഡ് ഉച്ചകോടി (ജനുവരി 2024) സമയക്രമത്തിൽ മാറ്റം. റിപ്പബ്ലിക് ചടങ്ങിനോടനുബന്ധിച്ച് ക്വാഡ് ഉച്ചകോടിക്ക് അവസരമൊരുക്കുവാനായിരുന്നു ഇന്ത്യയുടെ ഉദ്ദേശ്യം. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുവാനെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ജാപ്പനീസ് പ്രധാന മന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ത്രി ആന്റണി അൽബനീസ് എന്നിവർ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ പ്രതീക്ഷിച്ചതുപോലെ ഈ രാഷ്ട്ര നേതാക്കൾ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുവാൻ സാധ്യതയില്ല. ഈ പശ്ചാത്തിലാണ് ഉച്ചകോടി സമയത്തിൽ മാറ്റം അനിവാര്യമായത്.
ക്വാഡ് ഉച്ചകോടി ഇനിയെന്നന്ന് പിന്നിട് തീരുമാനിക്കപ്പെടും. ജനുവരിക്ക് പകരം 2024 വർഷാന്ത്യത്തിലായിരിക്കാം ക്വാഡ് ഉച്ചകോടി.റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥിയായ ഇന്ത്യയുടെ ക്ഷണത്തിന് വൈറ്റ് ഹൗസിൽ നിന്ന് ഇനിയും ഉറപ്പു ലഭ്യമായിട്ടില്ല. ആസ്ട്രേലിയൻ പ്രധാനമന്ത്രി ത്രി ആന്റണി അൽബനീസിൻ്റെ വരവിലും അനിശ്ചിതാവസ്ഥയുണ്ട്.
ഈ വർഷം മെയിൽ ജപ്പാനിൽ നടന്ന ജി-7 ഉച്ചകോടിയുടെ ഭാഗമായി നടന്ന ക്വാഡ് നേതാക്കളുടെ യോഗത്തിൽ അടുത്ത ക്വാഡ് നേതാക്കളുടെ ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.
ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക രാഷ്ട്രങ്ങൾ തമ്മിലുള്ള നയതന്ത്ര പങ്കാളിത്തമാണ് ക്വാഡ്. സർവ്വരെയുമുൾക്കൊള്ളുന്ന സുസ്ഥിരവും സമൃദ്ധവുമായ ഇന്തോ-പസഫിക്കെന്നതാണ് ക്വാഡ് നയതന്ത്ര കൂട്ടായ്മ ഉന്നം വയ്ക്കുന്നത്. തെക്കുകിഴക്കൻ ഏഷ്യയിലെയും പസഫിക്കിലെയും പങ്കാളികൾക്കിടയിൽ ഉഭയകക്ഷി, പ്രാദേശിക, ബഹുമുഖ സഹകരണവും ക്വാഡ് കൂട്ടായ്മയുടെ ചേരുവയാണ്.