കൊച്ചി: ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി. കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥികളെ നിർദേശിച്ച ചാൻസലറുടെ നടപടിക്ക് സ്റ്റേ. മാർ ഇവാനിയോസ് കോളജിലെ രണ്ടു വിദ്യാർത്ഥികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ രവിയുടെ ഇടക്കാല ഉത്തരവ്. യോഗ്യതയുള്ള വിദ്യാർത്ഥികളെ അവഗണിച്ചാണ് ഗവർണർ മറ്റ് വിദ്യാർത്ഥികളെ നോമിനേറ്റ് ചെയ്തതെന്നാണ് ആരോപണം.
ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചു. ഹര്‍ജി അടുത്ത ദിവസം വീണ്ടും പരിഗണിക്കും. കേരള യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നാല് വിദ്യാർത്ഥികളെയാണ് ഗവർണർ നാമനിര്‍ദേശം ചെയ്തത്.
ഹ്യുമാനിറ്റീസ്, സയന്‍സ്, ഫൈന്‍ ആര്‍ട്‌സ്, സ്‌പോര്‍ട്‌സ് എന്നിങ്ങനെ നാല് വിഭാഗങ്ങളിലേക്ക് മികച്ച പ്രകടനം നടത്തിയവരെയാണ് വിദ്യാര്‍ഥി പ്രതിനിധികളായി സെനറ്റിലേക്ക് തിരഞ്ഞെടുക്കേണ്ടത്. ഇതുപ്രകാരം നാലു റാങ്ക് ജേതാക്കള്‍, കലാപ്രതിഭ, ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട കായിക താരങ്ങള്‍ തുടങ്ങിയവരെയാണ് കേരള സര്‍വകലാശാല വി.സി. സെനറ്റിലെ നിയമനത്തിനായി ശുപാര്‍ശ ചെയ്തത്. എന്നാല്‍ സര്‍വകലാശാല നല്‍കിയ ഈ പട്ടിക വെട്ടിയായിരുന്നു യോഗ്യത ഒന്നുമില്ലാത്തവരെ ഗവര്‍ണര്‍ നിര്‍ദേശിച്ചത്.
അഭിഷേക് ഡി നായര്‍, ധ്രുവിന്‍ എസ് എല്‍, മാളവിക ഉദയന്‍, സുധി സുധന്‍ എന്നിവരുടെ നാമനിര്‍ദേശമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. അതേസമയം കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്ത പതിനേഴ് പേരില്‍ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും ബി.ജെ.പി അനുഭാവികളാണെന്നും ആരോപണമുണ്ട്.
ഹൈക്കോടതി വിധിയെ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.എം ആർഷോ സ്വാഗതം ചെയ്തു. ചാൻസലർക്കുള്ള ആദ്യ അടി ഹൈക്കോടതി കൊടുത്തിട്ടുണ്ട്. എസ്എഫ്ഐ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. അവർ എബിവിപി പ്രവർത്തകരാണ് എന്നതാണ് നാല് പേർക്കും ചാൻസലർ കണ്ട ഏക യോഗ്യതയെന്നും അദ്ദേഹം വിമർശിച്ചു.
അതിനിടെ ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി പ്രതിഷേധം നടത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഒടുവിൽ കൂടുതൽ കർശനമായ ഐപിസി 124 ആം വകുപ്പ് കൂടി ചുമത്തി. ഗവർണ്ണറുടെ ഔദ്യോഗിക വാഹനത്തിൽ ഇടിച്ച കാര്യം പോലും പറയാതെ ദുർബ്ബലമായ വകുപ്പുകളായിരുന്നു ആദ്യം എഫ്ഐആറിലുണ്ടായിരുന്നത്. ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ഗവർണ്ണർ കർശന നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പുതിയ വകുപ്പു ചേർത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു