കുവൈത്ത് സിറ്റി: ഞായറാഴ്ച രാജ്യത്ത് അനുഭവപ്പെട്ടത് കനത്ത മൂടൽമഞ്ഞ്. വൈകീട്ടോടെ ആരംഭിച്ച് രാത്രി ദീർഘനേരം വരെ തുടർന്ന മഞ്ഞ് ഗതാഗത സംവിധാനത്തെ പ്രതികൂലമായി ബാധിച്ചു. റോഡിൽ വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിന് പ്രയാസം നേരിട്ടു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കുവൈത്ത് വിമാനത്താവളത്തിലെ വിമാന സർവിസുകൾ വൈകി. ഷുവൈഖ്, ഷുഐബ തുറമുഖങ്ങളിൽ കപ്പൽ, ചരക്കു നീക്കത്തെയും മൂടൽമഞ്ഞ് തടസ്സപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് ഇവ പുനരാരംഭിച്ചത്.
പ്രതികൂല കാലാവസ്ഥയും കുറഞ്ഞ ദൃശ്യപരതയും രാജ്യത്തുടനീളമുള്ള വിമാന ഗതാഗതത്തെ സാരമായി ബാധിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയുടെ ഫലമായി കുവൈത്തിലേക്കുള്ള ചില വിമാനങ്ങൾ ബഹ്റൈൻ, ദമ്മാം, ബസ്ര എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടിവന്നതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. പ്രതികൂല കാലാവസ്ഥ കാരണം കുവൈത്ത് എയർപോർട്ടിൽ നിന്നുള്ള 20 ഓളം വിമാനങ്ങൾ പുറപ്പെടുന്നതിന് കാലതാമസം നേരിട്ടതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു. കാലാവസ്ഥയും ദൃശ്യപരതയും മെച്ചപ്പെട്ടതോടെയാണ് തുറമുഖങ്ങളിൽ നാവിഗേഷൻ പുനരാരംഭിച്ചതെന്ന് കുവൈത്ത് തുറമുഖ അതോറിറ്റി തിങ്കളാഴ്ച അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു