ക്രിസ്മസ് ആഘോഷിക്കാൻ ബാംഗ്ലൂർ പോയാലോ, ചെറിയ യാത്ര.. വലിയ സന്തോഷം

ബാംഗ്ലൂർ : തിരക്കിലും ബഹളങ്ങള്‍ക്കും ആള്‍ക്കൂട്ടത്തിനും നടുവിലാണെങ്കിലും സന്തോഷിപ്പിക്കാൻ കഴിവുള്ള നാട്. ഒരുപക്ഷേ, ഇത്രയും തിങ്ങിനിറഞ്ഞ നാടാണെങ്കിലും ഇതുവരെയും മടുപ്പിക്കാത്തതിന് കാരണം ഇവിടുത്തെ തൊട്ടടുത്തുള്ള പച്ചപ്പുകളും ലക്ഷ്യസ്ഥാനങ്ങളും തന്നെയായിരിക്കും. ഒറ്റദിവസമെ അവധിയുള്ളുവെങ്കില്‍ പോലും പോയി വരാൻ സാധിക്കുന്ന ഇടങ്ങള്‌ ഇവിടെയുണ്ട്.

 

ഇനി വരുന്നത് ക്രിസ്മസ് അവധിയാണ്. നീണ്ട വാരാന്ത്യങ്ങളുമായി യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന സമയം. രണ്ടോ മൂന്നോ ദിവസം യാത്രകള്‍ക്കായി മാറ്റിവയ്ക്കാൻ ഇല്ലാത്തവര്‍ക്ക് ഒരു ദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന ഒരുപാട് സ്ഥലങ്ങള്‍ ബാംഗ്ലൂരിന് ചുറ്റിലുമുണ്ട്. ഇതാ ക്രിസ്മസ് അവധിക്ക് പര്യവേക്ഷണം നടത്താൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

 

1. നന്ദി ഹില്‍സ്

എപ്പോള്‍ എന്ത് യാത്ര പ്ലാന്‍ ചെയ്താലും ബാംഗ്ലൂരുകാര്‍ക്ക് ഒഴിവാക്കാനാവാത്ത ഒരിടമണ് നന്ദി ഹില്‍സ്. സീസണോ അവധിയോ ഏതായാലും നന്ദി ഹില്‍സിലേക്ക് യാത്ര പോയില്ലെങ്കില്‍ തൃപ്തരാകാത്തവര്‍ വരെയുണ്ട്. ഡ്രൈവിങ് ആസ്വദിക്കുന്നവവരെ സംബന്ധിച്ചെടുത്തോളം മികച്ച ഒരനുഭവമാണ് ഇവിടെ കാത്തിരിക്കുന്നത്.

 

ഇപ്പോഴിതാ നന്ദി ഹില്‍സിലേക്ക് ഇലക്‌ട്രിക് ട്രെയിൻ സര്‍വീസ് ആരംഭിക്കാൻ പോവുകയാണ്. ഡിസംബര്‍ 11 തിങ്കളാഴ്ച മുതല്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (എസ്‌ഡബ്ല്യുആര്‍) എയര്‍പോര്‍ട്ട് റൂട്ടിലെ മെമു (മെയിൻലൈൻ ഇലക്‌ട്രിക് മള്‍ട്ടിപ്പിള്‍ യൂണിറ്റ്) ട്രെയിനുകളുടെ പ്രവര്‍ത്തനം ദേവനഹള്ളിയില്‍ നിന്ന് ചിക്കബെല്ലാപ്പൂര്‍ വരെ ദീര്‍ഘിപ്പിക്കുന്നതോടെയാണ് നന്ദി ഹില്‍സിലേക്കുള്ള യാത്ര ട്രെയിനില്‍ എളുപ്പമാകുന്നത്.

  • 06531/06532 ബെംഗളൂരു കന്‍റോണ്‍മെന്‍റ്-ചിക്കബെല്ലാപൂര്‍-കന്‍റോണ്‍മെന്‍റ്
  • 06535/06538 ചിക്കബെല്ലാപൂര്‍-ബെംഗളൂരു കന്‍റോണ്‍മെന്‍ റ്-ചിക്കബെല്ലാപൂർ
  • 06593/06594 യശ്വന്ത്പൂര്‍-ചിക്കബെല്ലാപൂര്‍-യശ്വന്ത്പൂര്‍ എന്നീ മൂന്നു ട്രെയിനുകളാണ് ബാംഗ്ലൂര്‍- നന്ദി ഹില്‍സ് റൂട്ടില്‍ സര്‍വീസ് നടത്തുക.

    

2. നാരായണഗിരി ഹില്‍സ്

ബാംഗ്ലൂരില്‍ നിന്നുള്ള ഏകദിന യാത്രയ്ക്ക് പറ്റിയ മറ്റൊരു സ്ഥലമാണ് നാരായണഗിരി ഹില്‍സ്. രാമനഗര ജില്ലയില്‍ ജാലമംഗല എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഹില്‍സ് സൂര്യോദയവും കൂടാതെ ഒരു കിടലൻ ഡ്രൈവും ആണ് സഞ്ചാരികള്‍ക്ക് നല്കുന്നത്. ബാംഗ്ലൂരില്‍ നിന്ന് 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. 500 പടിക്കെട്ടുകള്‍ക്കു മുകളിലാണ് ഈ കുന്നുള്ളത്. ചെറിയൊരു ട്രെക്കിങ് അനുഭവവും ഓഫ്റോഡ് യാത്രയും ഇവിടുന്ന് നിങ്ങള്‍ക്ക് ലഭിക്കും.

 

3. സിദ്ധാരബേട്ട

ബാംഗ്ലൂരിലെ ഏകദിന യാത്രകള്‍ക്ക് പറ്റിയ മറ്റൊരു സ്ഥലമാണ് സിദ്ധാരബേട്ട. ട്രെക്കിങ്ങിന് പേരുകേട്ടതാണെങ്കിലും ഇവിടെയുള്ള ക്ഷേത്രവും ധാരാളം ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നു. ബാംഗ്ലൂരില്‍ നിന്നും 104 കിലോമീറ്റര്‍ ദൂരത്തില്‍ തുംകൂരു ജില്ലയില്‍ കൊറത്താഗരെ താലൂക്കിലാണ് സിദ്ധാരബേട്ടയുള്ളത്. സിദ്ധന്മാര്‍ തപസ്സനുഷ്ഠിച്ച ഇടം എന്ന നിലയിലാണ് പ്രസിദ്ധമായിരിക്കുന്നത്. വലിയ ബുദ്ധിമുട്ടൊന്നുമില്ലാതെ പൂര്‍ത്തിയാക്കാൻ പറ്റിയ ട്രെക്കിങ്ങുകളിലൊന്നും കൂടിയാണിത്.

    

4. മന്ദാരഗിരി ഹില്‍സ്

ബാംഗ്ലൂര്‍ ഏകദിന യാത്രകള്‍ക്ക് പറ്റിയ മറ്റൊരിടമാണ് മന്ദാരഗിരി ഹില്‍സ്. 65 കിലോമീറ്റര്‍ ദൂരത്തിലേക്കുള്ള യാത്ര ചിലപ്പോള്‍ മടുപ്പിക്കുമെങ്കിലും അവിടെ എത്തിയാല്‍ പിന്നെ രസകരമാ കാഴ്ചകളാണ് കാത്തിരിക്കുന്നത്. ജെയ്ൻ മതവിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രമായ ഇവിടെ അതിമനോഹരമായി നിര്‍മ്മിച്ച ഒരു ക്ഷേത്രവും പിന്നെ ഒരു കുന്നുമാണ് ഉള്ളത്. മയില്‍പ്പീലിയുടെ രൂപസാദൃശ്യത്തില്‍ 81 അടി ഉയത്തിലും 2400 ചതുരശ്രയടി വീതിയിലും നിര്‍മ്മിച്ചിരിക്കുന്ന ഒരു ഗുരു മന്ദിര്‍ ആണിത്. ഇതിന്റെ രൂപം കാരണം പീകോക്ക് ക്ഷേത്രം എന്നും അറിയപ്പെടുന്നു.

     

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു