കുവൈത്ത് സിറ്റി: രാജ്യത്ത് വിമാനയാത്രികരുടെ എണ്ണത്തിൽ വർധന. നവംബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 982,741ൽ എത്തിയതായി കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി.
ഈ കാലയളവിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനവും വിമാന ഗതാഗതത്തിൽ 10 ശതമാനവും വർധനയുണ്ടായി. എയർ കാർഗോ ട്രാഫിക്കിൽ 15 ശതമാനമാണ് വർധനയെന്നും ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു.
നവംബറിൽ കുവൈത്തിൽ എത്തിയ യാത്രക്കാരുടെ എണ്ണം 413,860 ആണ്. പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം 568,881ലും എത്തി. മൊത്തം ട്രാൻസിറ്റ് യാത്രക്കാരുടെ എണ്ണം 186,018 ആയി ഉയർന്നു. ഇത് കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് 15 ശതമാനം വർധനവാണ്. നവംബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും സർവിസ് നടത്തിയ മൊത്തം വിമാനങ്ങൾ 10,591 എണ്ണമാണ്.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,582 വിമാനങ്ങളായിരുന്നു സർവിസ് നടത്തിയത്. നവംബറിലെ മൊത്തം ചരക്ക് നീക്കം ഏകദേശം 19.4 ദശലക്ഷം കിലോ ആണ്. ഏകദേശം 15.6 ദശലക്ഷം കിലോ കുവൈത്തിൽ എത്തി. ഏകദേശം 3.8 ദശലക്ഷം കിലോ കയറ്റി അയച്ചു. ദുബൈ, കെയ്റോ, ജിദ്ദ, ഇസ്താംബുൾ, സബീഹ, ദോഹ എന്നിവിടങ്ങളാണ് കുവൈത്തിലെ ഏറ്റവും ജനപ്രിയമായ ലക്ഷ്യസ്ഥാനങ്ങൾ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു