പമ്പാതട ആദിമനാഗരികതയുടെയും സംസ്ക്കാരത്തിൻ്റെയും പഠന ഗവേഷണങ്ങൾക്ക് പുതിയ സമിതി. ബാബു തോമസ്സ് ചെയർമാനും ഡോ.രാജീവ് പുലിയൂർ ഡയറക്ടറുമായുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചരിത്രകാരൻ കെ പി ശ്രീരംഗനാഥനാണ് ട്രഷറർ. ഫോക് ലോർ അക്കാദമി മുൻ ചെയർമാൻ സി ജെ കുട്ടപ്പൻ വൈസ് ചെയർമാനും, അഡ്വ.സുനിൽ ജി നെടുമ്പ്രം ജോയിൻ ഡയറക്ടറുമായുള്ള ഭാരവാഹികളെയാണ് തെരഞ്ഞെടുത്തത്. ആരോഗ്യ മന്ത്രി വീണാ ജോർജ് ചെയർമാനായുള്ള ഉപദേശക സമിതിയും ,പ്രഫ.ടി കെ ജി നായർ ചെയർമാനായുള്ള അക്കാദമിക് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
2018 ലെ മഹാപ്രളയത്തെ തുടർന്ന് ആറന്മുള കോയിപ്പുറത്ത് കടവിൽ ‘ നിന്ന് ലഭിച്ച രണ്ടായിരത്തോളം അമൂല്യ ശിൽപങ്ങൾ സംരക്ഷിക്കുന്നതിനും പമ്പയുടെ തീരപ്രദേശങ്ങളിൽ ലോകോത്തരമായി നിലനിന്ന സംസ്കൃതിയെക്കുറിച്ചു പഠിക്കുന്നതിനുമാണ് സമിതി രൂപീകരിച്ചത്.ഈ ഗവേഷണ സമിതിയുടെ പുതിയഭരണസമിതിയെയാണ് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്ത്.
ലോകത്തെ പ്രധാന സർവ്വകലാശാലകളുമായി ബന്ധപ്പെടുത്തി ഗവേഷണ പ്രവർത്തനങ്ങൾക്ക് ഇതിനോടകം തുടക്കം കുറിച്ചിരുന്നു. ബറോഡ സർവ്വകലാശാല, ജെഎൻയു, ബാംഗ്ലൂർ ചിത്രകലാ പരിഷത്ത് എന്നീ സർവകലാശാലകളിൽ നിന്നുള്ള പ്രഗത്ഭരെ പങ്കെടുപ്പിച്ചു കൊണ്ട് ഒരാഴ്ച നീണ്ടു നിന്ന ദേശീയ സെമിനാർ 2019 ൽ ആറന്മുളയിൽ സംഘടിപ്പിച്ചിരുന്നു. കോവിഡ് മഹാമാരിയെത്തുടർന്ന് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് പിന്നീട് വേഗത കുറയുകയുണ്ടായി.
എന്നാൽ പുതിയ ഗവേഷണ സമിതി പ്രവർത്തനമാരംഭിക്കുന്നതിലൂടെ പമ്പാതടത്തിലെ സമഗ്രമായ ചരിത്ര സാംസ്കാരിക മേഖലയുടെ ക്രോഡീകരണം സാധ്യമാകും. അന്തർദ്ദേശീയ നിലവാരത്തിലുള്ള മ്യൂസിയവും റിസർച്ച് സെൻ്ററും ആറന്മുളയിൽ ആരംഭിക്കുന്നതിന് സമിതിയുടെ ഇടപെടൽ ഉണ്ടാകും. യുനസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ആറന്മുളയുടെ സാംസ്കാരിക സംഭാവനകൾക്ക് കുടുതൽ തിളക്കമേകും. പ്രമുഖ സാംസ്ക്കാരിക നായകരും, വിദ്യാഭ്യാസ വിചക്ഷണരും അടങ്ങുന്നതാണ് കമ്മിറ്റികൾ .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു