ദുബായ് : ക്രിക്കറ്റ് മത്സരങ്ങളില്‍ പുതിയ നിയമമായ സ്റ്റോപ് ക്ലോക്ക് ഉടൻ നടപ്പാക്കിയേക്കും. ചൊവ്വാഴ്ച നടക്കുന്ന വെസ്റ്റ് ഇൻഡീസ് – ഇംഗ്ലണ്ട് ട്വന്റി20 മത്സരത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് ഐസിസി സൂചന നല്‍കി.
ബോളിങ് ടീമിന് രണ്ട് ഓവറുകള്‍ക്കിടയില്‍ എടുക്കാവുന്ന പരാമവധി സമയം ഒരു മിനിറ്റായി കുറക്കുകയാണ് സ്റ്റോപ്പ് ക്ലോക്ക് നിയമത്തിലൂടെ നടപ്പാക്കുക. ഒരു ഓവര്‍ പൂര്‍ത്തിയായി ഒരുമിനിറ്റിനകം അടുത്ത ഓവറിലെ ആദ്യ പന്ത് എറിയാൻ ബൗളര്‍ തയാറെടുക്കണമെന്നാണ് നിയമം പറയുന്നത്. ഒരു ഇന്നിങ്സില്‍ മൂന്നുതവണ നിയമം ലംഘിച്ചാല്‍ ബാറ്റിങ് ടീമിന് അഞ്ച് റണ്‍സ് ബോണസായി ലഭിക്കുമെന്നാണ് വ്യവസ്ഥ. ആദ്യ രണ്ടുതവണ ബോളിങ് ടീമിന് മുന്നറിയിപ്പ് നല്‍കിയ ശേഷമായിരിക്കും ബാറ്റ് ചെയ്യുന്ന ടീമിന് ബോണസ് റണ്‍ അനുവദിക്കുക.
മത്സരത്തിലെ ഇടവേള സമയം കുറയ്ക്കുക എന്നാണ് നിയമം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഐസിസി പറയുന്നു. അതേസമയം, കടുപ്പമേറിയ മത്സരങ്ങളില്‍ ബൗള്‍ ചെയ്യുന്ന ടീമിന് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണ് നിയമമെന്നും അഭിപ്രായമുണ്ട്. ഇപ്പോള്‍ തന്നെ ബാറ്റര്‍മാര്‍ക്ക് ഒട്ടേറെ അനുകൂല നിയമങ്ങളുണ്ടെന്നും സ്റ്റോപ് ക്ലോക്ക് നിയമം കൂടെ വന്നാല്‍ ബൗളര്‍മാര്‍ക്ക് ഇരട്ടി സമ്മര്‍ദ്ദമുണ്ടാകുമെന്നും വിദഗ്ധര്‍ക്കിടയില്‍ അഭിപ്രായമുയർന്നിരുന്നു.
ഇരുടീമിനും ജയസാധ്യതയുള്ള മത്സരത്തില്‍ തന്ത്രങ്ങള്‍ മെനയാനും കളിയുടെ സൗന്ദര്യം വര്‍ധിക്കാനും സാധിക്കുന്ന അവസരമാണ് പുതിയ നിയമത്തിലൂടെ ഇല്ലാതാകുന്നതെന്നും വിമര്‍ശനമുണ്ട്. ക്യാപ്റ്റന്മാര്‍ക്കും സമ്മര്‍ദ്ദമനുഭവിക്കേണ്ടിവരും. അതേസമയം, ക്രിക്കറ്റ് മത്സരങ്ങളുടെ സമയദൈര്‍ഘ്യം പരമാവധി കുറച്ച് ജനപ്രിയമാക്കുക എന്നതാണ് ഐസിസിയുടെ ലക്ഷ്യം.
പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ ശേഷം മാത്രമേ നിയമം സ്ഥിരപ്പെടുത്തൂവെന്ന് ഐസിസി ജനറല്‍ മാനേജര്‍ വസിം ഖാൻ പറഞ്ഞു. പവര്‍പ്ലേ നിയമങ്ങളില്‍ പുതിയ മാറ്റങ്ങള്‍ വന്നതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്റ്റോപ്പ് ക്ലോക്ക് നടപ്പാക്കാവുന്ന സാഹചര്യമാണെന്നും അടുത്ത ഓവര്‍ ബോള്‍ ചെയ്യേണ്ട ബൗളര്‍മാരെ ഇന്നര്‍ ഫീല്‍ഡില്‍ വിന്യസിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു