ഡൽഹി :വിപണിയില്‍ ജനുവരിയോടെ ഉള്ളി വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ്.ഉള്ളി വില കിലോയ്ക്ക് 60 രൂപയില്‍ നിന്നും 40 രൂപയില്‍ താഴെയായി അടുത്ത മാസം കുറയാനുള്ള നടപടികള്‍ കേന്ദ്രം നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞയാഴ്ച, ദില്ലിയില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപ കടന്നതിനെ തുടര്‍ന്ന് 2024 മാര്‍ച്ച് വരെ സര്‍ക്കാര്‍ ഉള്ളി കയറ്റുമതി നിരോധിച്ചിട്ടുണ്ട്. അതേസമയം, കയറ്റുമതി നിരോധനം കര്‍ഷകരെ ബാധിക്കില്ല എന്നും രു ചെറിയ കൂട്ടം വ്യാപാരികളാണ് ഇന്ത്യൻ, ബംഗ്ലാദേശ് വിപണികളിലെ വിലകള്‍ തമ്മിലുള്ള വ്യത്യാസം ചൂഷണം ചെയ്യുന്നത് എന്നും രോഹിത് കുമാര്‍ സിംഗ് പറഞ്ഞു.
കയറ്റുമതി നിരോധിക്കുന്നതിന് മുമ്പ് , ഉപഭോക്താക്കള്‍ക്ക് അല്‍പ്പം ആശ്വാസം നല്‍കുന്നതിനായി ചില്ലറ വിപണിയില്‍ ബഫര്‍ സ്റ്റോക്ക് എത്തിച്ചിരുന്നു സര്‍ക്കാര്‍. ഒരു കിലോയ്ക്ക് 25 രൂപ സബ്സിഡി നിരക്കില്‍ ഉള്ളി വില്ക്കാൻ സര്‍ക്കാര്‍ തയ്യാറായി. ഉള്ളിവില പിടിച്ചു നിര്‍ത്താൻ സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചു. ഒക്ടോബര്‍ 28 മുതല്‍ 2023 അവസാനം വരെ ഉള്ളി കയറ്റുമതിയില്‍ ടണ്ണിന് 800 ഡോളര്‍ എന്ന മിനിമം കയറ്റുമതി വില (എംഇപി) ഈടാക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നു. നേരത്തെ ഓഗസ്റ്റില്‍, 2023 ഡിസംബര്‍ 31 വരെ ഇന്ത്യ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്തിയിരുന്നു.
സാമ്ബത്തിക വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഓഗസ്റ്റ് 4 വരെ കയറ്റുമതി ചെയ്ത ഉള്ളി 9.75 ലക്ഷം ടണ്ണാണ്. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്ന ആദ്യ മൂന്ന് രാജ്യങ്ങള്‍ ബംഗ്ലാദേശ്, മലേഷ്യ, യുഎഇ എന്നിവയാണ്.