തിരുവനന്തപുരം: കൊമേഴ്സ് പഠനത്തിലെ ഇന്ത്യയിലെ ആദ്യത്തെ സിമുലേറ്റഡ് ലേണിംഗ് ടെക്നോളജി (എസ്എല്‍ ടെക്), ഇന്ററാക്ടീവ് ലേണിംഗ് ടെക്നോളജി (ഐഎല്‍ ടെക്) രംഗത്തെ മുൻനിരക്കാരായ എനര്‍ജി ഇന്ത്യയുമായി കൈകോര്‍ത്ത് കേരള സര്‍വകലാശാല. കൊമേഴ്സ് വിദ്യാര്‍ത്ഥികള്‍ക്കായി 3 നിയമാനുസൃത ഇ-ഫയലിംഗ് കോഴ്സുകളാണ് ഈ സംയുക്ത സംരംഭത്തിലൂടെ വാഗ്ദാനം ചെയ്യുന്നത്. എനര്‍ജി ഇന്ത്യ തന്നെയാണ് ഈ ഹ്രസ്വകാല കോഴ്സുകള്‍ വികസിപ്പിച്ചെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് പ്രൊഫഷണല്‍ സ്കില്‍സ് കൗണ്‍സിലിന്റെ(എംഇപിഎസ്സി ) അംഗീകാരം കോഴ്സുകൾക്കുണ്ട്. അക്കൗണ്ടിംഗ് വിദ്യാഭ്യാസവും ഗവേഷണവും എന്ന വിഷയത്തില്‍ കേരള സര്‍വകലാശാല കാര്യവട്ടം ക്യാംപസില്‍ സംഘടിപ്പിച്ച 45-മത് ഓൾ ഇന്ത്യ അക്കൗണ്ടിംഗ് കോണ്‍ഫറന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ സെമിനാറിലാണ് പുതിയ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ അവതരിപ്പിച്ചത്. കൊമേഴ്സില്‍ ബിരുദമോ, ബിരുദാനന്തരപഠനമോ നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം തന്നെ ഈ കോഴ്സുകളില്‍ ചേരാവുന്നതാണ്.
”കൊമേഴ്സ് വിദ്യാഭ്യാസത്തില്‍ നൂതനമായ രീതികള്‍ കൊണ്ടുവരികയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇത് സാധ്യമാക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ട്. ആഗോളതലത്തില്‍ ഇതേ ലക്ഷ്യത്തിനായി അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍ എന്നിവരടങ്ങിയ ഒരു വലിയ സമൂഹം കൂടി പ്രവര്‍ത്തിക്കുന്നു,” എനര്‍ജി സിഇഒ ഷരീഫ് ഏര്ക്കുളങ്ങര പറഞ്ഞു. ”നൂതന വിദ്യാഭ്യാസ രീതികള്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കേരള സര്‍വ്വകലാശാല എന്നും മുന്‍തൂക്കം നല്കി വരുന്നു.
കൂടുതല്‍ സംവേദനാത്മകവും നൂതനവുമായ എസ്എല്‍, ഐഎല്‍ സാങ്കേതികത അടിസ്ഥാനമാക്കിയുള്ള കോഴ്സുകള്‍ പാഠ്യപദ്ധതിയില്‍ ഉള്പ്പെടുത്തുന്നതിനെപ്പറ്റിയും ഞങ്ങള്‍ ആലോചിച്ച് വരികയാണ്,” എന്ന് കേരള സര്‍വ്വകലാശാലയുടെ കൊമേഴ്സ് വിഭാഗം തലവനും ഐക്യുഎസി മേധാവിയുമായ പ്രൊഫസര്‍ ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍ പറഞ്ഞു. അതേസമയം ജിഎസ്ടി എക്സിക്യൂട്ടീവ്, സ്റ്റാറ്റിയൂട്ടറി എക്സിക്യൂട്ടീവ്, ഫിനാന്‍സ് എക്സിക്യൂട്ടീവ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടുന്ന ഹ്രസ്വകാല കോഴ്സുകളാണിവ. കോഴ്സില്‍ പ്രവേശനം നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും എനര്‍ജിയുടെ ഔദ്യോഗിക സ്റ്റുഡന്റ് പോര്‍ട്ടലായ എനര്‍ജി വിദ്യയിലേക്കും ആക്സസ് ലഭിക്കും. ഇതിലൂടെ പഠനവുമായി ബന്ധപ്പെട്ട കോഴ്സ് മെറ്റീരിയലുകളും മറ്റ് പഠന സാമഗ്രികളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും. മാത്രമല്ല കൊമേഴ്സ് മേഖലയില്‍ കരിയര്‍ കെട്ടിപ്പടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് അതിന് വേണ്ട പ്രൊഫഷണല്‍ അറിവുകള്‍ കൂടി പകര്‍ന്നുനല്‍കുകയെന്നതും ഈ കോഴ്സിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. ഇതുകൂടാതെ ജിഎസ്ടി രജിസ്ട്രേഷന്, ഐടിആര്‍ ഫയലിംഗ്, ഇ-പാന്‍ ജനറേഷന്, ടിഡിഎസ് ആന്‍ഡ് ടിസിഎസ്, എന്നിവയും കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എനര്‍ജി ഇന്ത്യയുടെ എസ്എല്‍ ആന്‍ഡ് ഐഎല്‍ ടെക്നോളജി അടിസ്ഥാനമാക്കിയാണ് ഈ കോഴ്സുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥ തൊഴില്‍ സാഹചര്യത്തിന്റെ പ്രായോഗിക തലങ്ങള്‍ ഉള്‍പ്പെടുത്തിയ പഠനമാണ് എസ്എല്‍ ടെക് പഠനരീതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം ഇന്ററാക്ടീവ് ഫീഡ്ബാക്ക് രീതിയാണ് ഐഎല്‍ ടെക് രീതിയില്‍ അവലംബിച്ചിരിക്കുന്നത്.