തിരുവനന്തപുരം: വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനു നേരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കാറിൽനിന്നു പുറത്തിറങ്ങിയ ഗവർണർ, തന്റെ വാഹനം ആക്രമിച്ചെന്നും സംസ്ഥാനത്തു ഗുണ്ടാരാജ് ആണെന്നും ആരോപിച്ചു. ഭരണഘടനാ സംവിധാനം തകർന്നെന്നും മുഖ്യമന്ത്രിക്കെതിരെ ഇങ്ങനെ പ്രതിഷേധിക്കാൻ കഴിയുമോയെന്നും ഗവർണർ ചോദിച്ചു.
തനിക്ക് സുരക്ഷയില്ല. പ്രതിഷേധക്കാർ തന്റെ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചു. തനിക്ക് എന്ത് സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നതെന്നും ഗവർണർ ചോദിച്ചു. സുരക്ഷാ വീഴ്ച ഉണ്ടായെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ കാറിനടുത്ത് പ്രതിഷേധക്കാർ എത്തുമോ എന്നും മുഖ്യമന്ത്രിയുടെ അടുത്തേയ്ക്ക് പ്രതിഷേധക്കാരെ പോലീസ് കടത്തിവിടുമോ എന്നും ഗവർണർ ചോദിച്ചു.
പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണ്. മുഖ്യമന്ത്രി പറഞ്ഞിട്ട് മുഖ്യമന്ത്രിയുടെ പാർട്ടിക്കാരാണ് പ്രതിഷേധത്തിനു വരുന്നത്. അപ്പോൾ പോലീസ് എന്ത് ചെയ്യാനാണെന്നും ഗവർണർ പറഞ്ഞു.
തിരുവനന്തപുരം നഗരം ഗുണ്ടാ ഭരണത്തിനു കീഴിലാക്കാൻ അനുവദിക്കില്ല. അങ്ങനെയെങ്കിൽ നേർക്കു നേർ കാണാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
സർവകലാശാലകളുമായി ബന്ധപ്പെട്ട ഗവർണറുടെ നിലപാടിനെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. കഴിഞ്ഞ ദിവസവും ഗവർണർക്കെതിരെ എസ്എഫ്ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. വഴുതക്കാട് ജംക്‌ഷനിൽ വച്ചാണ് ഗവർണറെ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
















