ശബരിമല : പമ്പയും സന്നിധാനവും തീര്‍ത്ഥാടകരെ കൊണ്ട് നിറഞ്ഞതോടെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണിക്കൂറുകള്‍ റോഡില്‍ പിടിച്ചിടുന്നത് തീര്‍ത്ഥാടകരെ വലയ്ക്കുന്നു. പത്തനംതിട്ടയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ ളാഹ മുതലും എരുമേലില്‍ നിന്നുള്ള വാഹനങ്ങള്‍ കണമല മുതലുമാണ് മണിക്കൂറുകള്‍ പിടിച്ചിടുന്നത്.തിരക്ക് വര്‍ധിച്ചതോടെ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടക വാഹനങ്ങള്‍ അഞ്ച് മണിക്കൂറില്‍ അധികം പിടിച്ചിടുന്ന സ്ഥിതിയാണ് ഉള്ളത്.
ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കുന്നതിനാല്‍ തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും കുപ്പിവെള്ളം പോലും കരുതാതെയാണ് എത്തുന്നത്. ഇക്കാരണത്താല്‍ കൊടുങ്കാടിന് മധ്യത്തില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ക്കുള്ളില്‍ അകപ്പെട്ടുപോകുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടകര്‍ക്ക് ദാഹജലം പോലും ലഭിക്കാത്ത അവസ്ഥയും ഉണ്ട്.
ഇത്തരം ഭാഗങ്ങളില്‍ ഭക്തര്‍ക്ക് ആവശ്യമായ കുടിവെള്ളവും ലഘു ഭക്ഷണങ്ങളും വിതരണം ചെയ്യാൻ വിവിധ ഭക്തജന സംഘടനകള്‍ തയാറാണെങ്കിലും ഇതിന് ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയിട്ടില്ല. ഇലവുങ്കല്‍ മുതല്‍ നിലയ്ക്കല്‍ വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇതില്‍ ഭക്തര്‍ക്കിടയില്‍ വൻ പ്രതിഷേധമാണ് ഉയരുന്നത്.