ദോഹ: ഖത്തർ സർവകലാശാലയുടെ പരിസ്ഥിതി ശാസ്ത്ര കേന്ദ്രവുമായി സഹകരിച്ച് ഖത്തറിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (ഇ.സി.സി) സമുദ്ര പരിസ്ഥിതി നിരീക്ഷിക്കുന്നതിനുള്ള ഗവേഷണ പര്യവേക്ഷണം ആരംഭിച്ച് കാലാവസ്ഥാ വ്യതിയാന മന്ത്രാലയം.
മന്ത്രാലയത്തിന് കീഴിലെ പരിസ്ഥിതി നിരീക്ഷണ, പരിശോധന വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ജനാൻ റിസർച് വെസൽ (ജനാൻ ആർ.വി) നടത്തുന്ന മൂന്ന് ദിവസത്തെ പരിപാടി സമുദ്ര പരിസ്ഥിതി വിദഗ്ധരുടെയും ഗവേഷകരുടെയും ഒരു സംഘം മുഖേന സമുദ്ര പരിസ്ഥിതിയുടെ ഗുണനിലവാരം അടയാളപ്പെടുത്തും.
ജലത്തിന്റെ താപനില, ലവണാംശം, അലിഞ്ഞു ചേർന്ന ഓക്സിജൻ സാച്ചുറേഷൻ, പ്രക്ഷുബ്ധത തുടങ്ങിയ പ്രധാന ഭൗതികവും രാസപരവുമായ പാരിസ്ഥിതിക ഏറ്റക്കുറച്ചിലുകൾ അളക്കാൻ സമുദ്രത്തിലെ പ്രത്യേക സ്ഥലങ്ങളിൽ നിന്ന് അവശിഷ്ടങ്ങളുടെയും സമുദ്രജലത്തിന്റെയും സാമ്പിളുകൾ സംഘം ശേഖരിക്കുമെന്ന് പരിസ്ഥിതി നിരീക്ഷണ, പര്യവേക്ഷണ വിഭാഗത്തിലെ ഡോ. മായ് മുഹമ്മദ് അൽ ഗാനിം പറഞ്ഞു.
ജല ഉപരിതലത്തിൽ നിന്ന് ആഴത്തിൽ വലകൾ ഉപയോഗിച്ച് ശേഖരിക്കുന്ന ജലത്തിലെ ഒഴുകുന്ന ജീവജാലങ്ങളുടെ സാമ്പിളുകൾക്ക് പുറമേയാണിത്. ഗവേഷകർ പിന്നീട് ഈ ജീവികളുടെ ഇനം തരംതിരിച്ച് പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജീവശാസ്ത്ര, രാസ, ഭൗതിക ഏറ്റക്കുറച്ചിലുകൾ നിരീക്ഷിക്കുന്നതിലൂടെയും സമുദ്ര പരിസ്ഥിതി സൂചകങ്ങളെ മുൻവർഷങ്ങളിലെ പരിശോധനാ ഫലങ്ങളുമായി താരതമ്യം ചെയ്യുന്നതിലൂടെയും ഖത്തറിന്റെ സമുദ്ര പരിസ്ഥിതിയെക്കുറിച്ച് മികച്ച പരിജ്ഞാനം ലഭിക്കുമെന്ന് പരിസ്ഥിതി നിരീക്ഷണ, പരിശോധന വിഭാഗം അസി.ഡയറക്ടർ അബ്ദുല്ല അൽ ഖുലൈഫി പറഞ്ഞു.
കടൽത്തീരത്തിന് സമീപത്തു നിന്ന് സാമ്പിളുകൾ ശേഖരിച്ച മുൻ പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം സമുദ്രത്തിൽ തീരത്ത് നിന്നും ദൂരെയായി വിവിധ ആഴങ്ങളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു