ദോഹ: ഒരു കാലത്ത് ഏറെ ജനകീയമായിരുന്ന കലകള്‍ പലതും ഇനിയൊരു തിരിച്ചു വരവ് പ്രതീക്ഷിക്കാനാകാത്ത വിധം കാലഹരണപ്പെട്ടുവെന്നും ഗൗരവപൂര്‍വമായ വായനകളും രചനകളും കുറഞ്ഞു വരുന്നതായും പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
ഹ്രസ്വ സന്ദർശനാർഥം ദോഹയിലെത്തിയപ്പോൾ ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികൂല കാലാവസ്ഥയില്‍ പോലും സമൂഹത്തെ ഹഠാതാകര്ഷിച്ചിരുന്ന കഥാപ്രസംഗം എന്ന ജനകീയ കല ഇന്ന് പരിഹാസരൂപേണ ഓര്മ്മിച്ചെടുക്കുവോളം ആസ്വാദകലോകം മാറിക്കഴിഞ്ഞു എന്നും അദ്ദേഹം നിരീക്ഷിച്ചു.
‘തിരുത്താനൊരുങ്ങാത്തവരും തിരുത്തിയാല്‍ പോലും അംഗീകരിക്കാന്‍ കൂട്ടാക്കാത്തവരുമൊക്കെയായി ലോകം മാറി. മാത്രമല്ല തിരുത്താനൊരുങ്ങുന്ന രക്ഷകര്‍ത്താക്കള്‍ പോലും ഒരുവേള നിയമനടപടിക്ക് വിധേയമാകാന്‍ സാധ്യതയുള്ള കാലമാണിത്. ആത്മാര്‍ഥതയില്ലാത്ത അധ്യാപകരും കടമ്പ കടക്കുക എന്ന മിനിമം അജണ്ടയിലൊതുങ്ങുന്ന രക്ഷിതാക്കളും വിദ്യാര്‍ഥികളും പുതിയ കാലത്തെ ജീര്‍ണതകളെയാണ് പ്രതിഫലിപ്പിക്കുന്നത്. എഴുത്തുകാരന് അലഞ്ഞു കൊണ്ടിരിക്കുന്ന ഒരു അക്ഷരത്തിന്റെ, വാചകത്തിന്റെ വേവും നോവും മനസ്സിലാക്കാന്‍ കഴിയാത്ത ലോകമാണ് വാർത്തമാന ലോകം.
സാഹിത്യകാരന്റെ തൂലികയിലൂടെ അനശ്വരമാകുന്ന പ്രണയവും പ്രക്ഷോഭവും അധികാര ദാര്ഷ്ട്യത്തോടുള്ള സമരമുദ്രകളും സന്നിവേശിക്കപ്പെടാന് പാകമാകാത്ത പുതിയ ആസ്വാദകലോകം സത്യത്തില്‍ പ്രതീക്ഷകള്‍ ഒട്ടും നല്‍കുന്നില്ല. ഒരു കാലത്ത് അരക്ഷിതരായ അടിസ്ഥാന വര്‍ഗങ്ങള്‍ വിപ്ലവ രാഷ്ട്രീയ സമരമുറകളുടെ ഉയിരും ഉശിരുമായിരുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, പ്രസ്തുത വര്‍ഗങ്ങള്‍ മതേതര സാമൂഹ്യ രാഷ്ട്രീയ ജനാധിപത്യ സംജ്ഞകളെ തച്ചുതകര്ക്കുന്നവരുടെ ചട്ടുകങ്ങളായി മാറി എന്നത് രാജ്യം നേരിടുന്ന വലിയ ദുരന്തമത്രെ’ -പി.സുരേന്ദ്രൻ പറഞ്ഞു. ഫോറം വൈസ് പ്രസിഡന്റ് അഷ്റഫ് മടിയാരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹുസൈൻ കടന്നമണ്ണ സ്വാഗതം പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു