ദോഹ: ഫിഫ ലോകകപ്പിന് വേണ്ടി രൂപകൽപന ചെയ്ത ഹയ്യ പ്ലാറ്റ്ഫോമിന്റെ വിജയം ഹയ്യ സേവനം തുടർന്നും നൽകുന്നതിൽ നിർണായക ഘടകമായെന്ന് സി.ഇ.ഒ സഈദ് അലി അൽ കുവാരി. ഹയ്യ പ്ലാറ്റ്ഫോമിലൂടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്ത് ഖത്തറിലെ പ്രധാന ടൂറിസം പദ്ധതികൾ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യവുമായി സന്ദർശകരിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതായും സഈദ് അലി അൽ കുവാരി പറഞ്ഞു.ഫിഫ ലോകകപ്പ് ഫുട്ബാളിനായി രാഷ്ട്ര നായകരുടെ ദീർഘദൃഷ്ടിയുടെ ഫലമായാണ് ഹയ്യ പ്ലാറ്റ്ഫോം നിലവിൽ വന്നതെന്ന് ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അൽ കുവാരി ചൂണ്ടിക്കാട്ടി.
എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ, വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് തുടങ്ങി ഖത്തർ ആതിഥേയത്വം വഹിക്കുന്ന കായിക മത്സരങ്ങൾക്കായും മറ്റു പരിപാടികൾക്കായും ഖത്തറിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഹയ്യ പ്ലാറ്റ്ഫോം ഉപയോഗിക്കേണ്ടി വരുമെന്നതിനാൽ വിവിധ പരിപാടികളിലേക്കുള്ള ഗേറ്റ് വേ ആയി ഇത് പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.ഏഷ്യൻ കപ്പ് വേളയിൽ സന്ദർശകർക്കായി രാജ്യത്തെ ഗതാഗത സംവിധാനത്തെക്കുറിച്ച് സമഗ്രമായ വിവരങ്ങളും വൈവിധ്യമാർന്ന ഗതാഗത മാർഗങ്ങൾ ഉപയോഗിച്ച് വേദികളിൽ എത്തിച്ചേരുന്നതിനുള്ള സൗകര്യങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. ടാക്സി ബുക്കിങ് സേവനമായ കർവയും ഫാൻ അലർട്ട് സേവനവും ഇതിലുൾപ്പെടും. വൻകരയുടെ ചാമ്പ്യൻഷിപ്പിനായി മീഡിയ പെർമിറ്റ് ആവശ്യമുള്ളവർ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ലോകകപ്പിന് ശേഷവും സേവനത്തിനായി ഹയ്യ പ്ലാറ്റ്ഫോം രൂപപ്പെടുത്തേണ്ടതിനാൽ ടൂറിസ്റ്റ് വിസകൾ അവതരിപ്പിക്കുക അനിവാര്യമായിരുന്നുവെന്നും അതിന്റെ ആദ്യപടിയായി പുതിയ ടൂറിസ്റ്റ് വിസകൾ സന്ദർശകർക്കായി അവതരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഖത്തർ സന്ദർശിക്കുന്ന ഏതൊരാൾക്കും വിസ ലഭിക്കുന്നതിന് ഹയ്യ പ്ലാറ്റ്ഫോം വഴി അപേക്ഷ സമർപ്പിക്കണം. ഖത്തറിലെ എല്ലാ മേളകൾക്കുമുള്ള സേവനങ്ങളും ഹയ്യയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയ്യ പ്ലാറ്റ്ഫോമിൽ ലഭ്യമായ ടൂറിസ്റ്റ് വിസകൾ വ്യവസ്ഥകൾക്കനുസൃതമായി വിവിധ പരിപാടികളിൽ പങ്കെടുക്കാൻ സൗകര്യമുള്ളതായിരിക്കും.
ഹയ്യ വിസയിൽ രാജ്യത്തെത്തുന്നവർക്ക് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇ-ഗേറ്റുകൾ വഴി പ്രവേശനം ലഭിക്കുകയും ചെയ്യും. അബൂ സംറ വഴി എത്തുന്ന സന്ദർശകർക്ക് വാഹന പെർമിറ്റുകൾ ലഭിച്ചതിനാൽ രാജ്യത്തേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിന് ഹയ്യയിൽ തന്നെ വാഹനങ്ങളുടെ പ്രീ-രജിസ്ട്രേഷൻ സേവനവും ഉൾപ്പെടുത്തിയിട്ടുണ്ട് -അദ്ദേഹം വിശദീകരിച്ചു.
ഹയ്യയിൽ ജോലിചെയ്യാൻ അനുവാദമില്ല
ഹയ്യ പ്ലാറ്റ്ഫോം വഴി ലഭിക്കുന്ന വിസകളിൽ ഖത്തറിലെത്തുന്നവർക്ക് ജോലി ചെയ്യാൻ അനുവാദമില്ലെന്ന് സഈദ് അൽ കുവാരി ഓർമിപ്പിച്ചു. ഹയ്യ വിസകൾ തൊഴിൽ വിസകളാക്കി മാറ്റാൻ കഴിയില്ല. ഇത്തരത്തിലുള്ള തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
‘ഹയ്യ; മെയ്ഡ് ഇൻ ഖത്തർ’
ലോകകപ്പ് ഫുട്ബാളിൽ അവതരിപ്പിച്ച് അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശംസ പിടിച്ചുപറ്റിയ ഹയ്യ പ്ലാറ്റ്ഫോം പൂർണമായും ഖത്തറിന്റെ നിർമിതിയാണ്. ഒരു കൂട്ടം സ്വദേശി ഐ.ടി വിദഗ്ധരുടെ മേൽനോട്ടത്തിലാണ് പ്ലാറ്റ്ഫോം ഡെവലപ് ചെയ്തത്. ലോകകപ്പ് വേളയിൽ വലിയ വെല്ലുവിളികളുണ്ടായിരുന്നുവെന്നും ടൂർണമെന്റിന് ശേഷം കുറഞ്ഞ സമയത്തിനുള്ളിൽ വലിയ അളവിൽ അഭ്യർഥനകൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രാപ്തി നേടിക്കഴിഞ്ഞെന്നും സഈദ് അൽ കുവാരി പറഞ്ഞു. ഖത്തറിന്റെ ഡിജിറ്റൽ പരിവർത്തന രംഗത്തെ സുപ്രധാന പുരോഗതിയുടെ സൂചനയാണ് ഹയ്യ മൊബൈൽ ആപ്ലിക്കേഷനെന്ന് സി.ഇ.ഒ അഭിമാനത്തോടെ പറഞ്ഞു. ഹയ്യ ആപ്ലിക്കേഷൻ ഉപയോക്താക്കളുടെ എണ്ണം 3.8 ദശലക്ഷമായി.
പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കുന്ന മുഴുവൻ സമയ കോൾസെന്റർ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും സന്ദർശകർക്കുള്ള അധികസേവനങ്ങൾക്കൊപ്പം പ്ലാറ്റ്ഫോം കൂടുതൽ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണെന്നും ക്യു.എൻ.എക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
ഹയ്യ ടു ഖത്തർ 2022 മൊബൈൽ ആപ്ലിക്കേഷൻ അടുത്തിടെ മിഡിലീസ്റ്റ്, നോർത്ത് ആഫ്രിക്ക ഡിജിറ്റൽ അവാർഡ് 2022ൽ മികച്ച മൊബൈൽ ആപ്ലിക്കേഷനുള്ള ഗോൾഡ് മെഡൽ കരസ്ഥമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു