മനാമ: നടൻ മോഹൻലാൽ ചെയർമാനും രവീന്ദ്രൻ ഡയറക്ടറുമായ കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഗ്രൂപ്പ് നികോൺ മിഡിൽ ഈസ്റ്റുമായി ചേർന്ന് ബഹ്റൈനിലെ വിവിധ സ്കൂൾ വിദ്യാർഥികൾക്കായി ഷോർട്ട് ഫിലിം മേക്കിങ് വർക്ക് ഷോപ്പ് തുടങ്ങി. ബഹ്റൈൻ കാൾട്ടൻ ഹോട്ടലിൽ തുടങ്ങിയ പരിശീലനം 13 വരെ തുടരും. ബഹ്റൈൻ ദേശീയദിനവുമായി ബന്ധപ്പെട്ട് ബഹ്റൈൻ സംസ്കാരത്തിന്റെയും പാരമ്പര്യങ്ങളുടെയും ഭാവിയിലേക്കുള്ള അഭിലാഷങ്ങളുടെയും സാരാംശം പകർത്തിക്കൊണ്ട്, അവരുടെ മാതൃരാജ്യത്തെക്കുറിച്ചുള്ള കുട്ടികളുടെ അതുല്യമായ കാഴ്ചപ്പാടുകൾ പ്രദർശിപ്പിക്കുക എന്നതാണ് സാരാംശം.
പരിശീലനം നേടുന്ന കുട്ടികൾക്ക് കാമറയും മറ്റു അനുബന്ധ ഉപകരണങ്ങളും നൽകും. Celebrating Bahrain through Young Eyes, The Journey of a Film maker, Bahrain: A Tapestry of Voices എന്നീ തീമുകളിൽ 10 ഷോർട്ട് ഫിലിമുകൾ അടുത്ത രണ്ടു മാസംകൊണ്ട് പൂർത്തീകരിക്കണം.
അവ 2024 ഫെബ്രുവരി അവസാനം ബഹ്റൈനിൽ സംഘടിപ്പിക്കുന്ന കൊച്ചി മെട്രോ ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. ഗ്രാന്റ് ഫിനാലെയിൽ മികച്ച ഷോർട്ട് ഫിലിമുകൾക്ക് കാഷ് അവാർഡുകളും കാമറകളും സമ്മാനമായി നൽകുമെന്നും വിവിധ ജി.സി.സി രാജ്യങ്ങളിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിൽ ഇവ പ്രദർശിപ്പിക്കുമെന്നും ഫെസ്റ്റിവൽ ഡയറക്ടർ രവീന്ദ്രൻ അറിയിച്ചു.ബഹ്റൈൻ പോളിടെക്നിക്, അഹ് ലിയ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ തിരഞ്ഞെടുത്ത വിദ്യാർഥികളാണ് ഷോർട്ട് ഫിലിം മേക്കിങ് വർക് ഷോപ്പ് നിയന്ത്രിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു