മനാമ: ബഹ്റൈൻ ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ശ്രീനാരായണ കൾചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) ഡിസംബർ 16ന് അദാരി പാർക്കിൽ ഒരു കിലോമീറ്റർ നീളമുള്ള ബഹ്റൈൻ പതാക വഹിച്ചുള്ള വ്യത്യസ്തമായ ആഘോഷ പരിപാടികൾക്ക് പദ്ധതിയിടുന്നതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
അദാരി പാർക്ക് ഡെവലപ്മെന്റ് കമ്പനിയുമായി സഹകരിച്ചു നടത്തുന്ന ഇവന്റിൽ ബഹ്റൈൻ ഭരണാധികാരികളും പങ്കെടുക്കുമെന്ന് ചെയർമാൻ സുനീഷ് സുശീലൻ അറിയിച്ചു . 2023 സെപ്റ്റംബറിൽ എസ്.എൻ.സി.എസ് സംഘടിപ്പിച്ച ട്രിബ്യൂട്ട് ടു ബഹ്റൈൻ പരിപാടിയുടെ തുടർച്ചയായാണ് വിപുലമായ ദേശീയദിന ആഘോഷപരിപാടികൾ. ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് ബഹ്റൈൻ സർക്കാറിനും ജനങ്ങൾക്കുമുള്ള ഐക്യദാർഢ്യത്തിന്റെയും ആദരവിന്റെയും പ്രകടനമായാണ് ഒരു കിലോമീറ്റർ നീളമുള്ള ബഹ്റൈൻ പതാക കൈമാറുന്നത്. ഈ സംഭവം എല്ലാ അർഥത്തിലും ബഹ്റൈൻ സമൂഹത്തെ പ്രതിനിധീകരിച്ചുള്ള ഏകത്വത്തിന്റെ ആഘോഷംകൂടിയാണ്. പരിപാടിയിൽ 1000ത്തിലധികം ആളുകൾ പങ്കെടുക്കും. 16നു വൈകിട്ട് മൂന്നിന് ആരംഭിച്ച് അഞ്ചിന് ആഘോഷങ്ങൾ അവസാനിക്കും. പൗരന്മാരുടെയും പ്രവാസികളുടെയും പങ്കാളിത്തം ഉറപ്പാക്കാനായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചതായും സംഘാടകർ പറഞ്ഞു.
എസ്.എൻ.സി.എസ് ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി.ആർ. സജീവൻ, പ്രോഗ്രാം ജനറൽ കൺവീനർ പ്രശാന്ത് കെ.കെ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കൂടുതൽ വിവരങ്ങൾക്ക് സുനീഷ് സുശീലൻ, ചെയർമാൻ: 3667 4139, വി.ആർ. സജീവൻ, ജനറൽ സെക്രട്ടറി: 3982 4914, കെ.കെ. പ്രശാന്ത്, ജനറൽ കൺവീനർ: 3940 2118 എന്നിവരുമായി ബന്ധപ്പെടാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു